ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ചെമ്മണ്ണിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ റോഡരികിലെ മരച്ചില്ല ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് പ്രദീപാണ് മരിച്ചത്.
ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഴയും കാറ്റും മൂലം റോഡരികിൽ നിന്നിരുന്ന ഉണങ്ങി ജീർണിച്ച മരത്തിന്റെ ചില്ല ഒടിഞ്ഞ് വീണ് പ്രണവിന് കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കൂടെയുണ്ടായിരുന്ന പറമ്പ്വിള വീട്ടിൽ മനോജിന്റെ മകൻ ആകാശ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
റോഡരികിൽ നിന്നിരുന്ന അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നു.




