കോട്ടയം: “ഡോ. ജെനു അലക്സ് ഒ.പി.യിലുണ്ടോ?” എന്ന ചോദ്യം കറുകച്ചാൽ എൻ.എസ്.എസ്. ആശുപത്രിയിലെ ജീവനക്കാർക്ക് അപരിചിതമാണ്. കാരണം, ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ആശുപത്രിയിൽ ഡോക്ടർ ഉണ്ടാകുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ 14 വർഷമായി ഒരു മുടക്കവുമില്ലാതെ ഈ പതിവ് തുടരുകയാണ് അദ്ദേഹം.
കറുകച്ചാൽ എൻ.എസ്.എസ്. ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും ഇ.എൻ.ടി. സർജനുമായ വാഴൂർ പുളിക്കൽകവല സ്വദേശി ഡോ. ജെനു അലക്സിനെ വേറിട്ടുനിർത്തുന്നത് ആശുപത്രിയോടുള്ള ആത്മബന്ധവും ചികിത്സാരംഗത്തോടുള്ള അർപ്പണബോധവുമാണ്.
മിക്ക ദിവസങ്ങളിലും ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ താമസം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് ഡ്യൂട്ടിക്കെത്തുന്ന ഡോക്ടർ ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വിശ്രമത്തിനായി ഇറങ്ങുന്നത്. അതിനുശേഷവും അടിയന്തര സാഹചര്യങ്ങൾക്കായി ആശുപത്രിയിൽ തന്നെ തുടരും. വീട്ടിൽ പോയാലും അടുത്ത ദിവസം രാവിലെ ഒ.പി. ആരംഭിക്കുന്നതിന് മുമ്പ് ആശുപത്രിയിലെത്തുന്നത് പതിവാണ്.
അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളിലോ ഡോക്ടർമാരുടെ കുറവുണ്ടാകുമ്പോഴോ ഞായറാഴ്ചത്തെ അവധിയും അദ്ദേഹം ഒഴിവാക്കാറുണ്ട്. രോഗികളുടെ ചികിത്സയാണ് പ്രധാനമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
1994-ൽ മണിപ്പാൽ കെ.എം.സി.യിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയ ഡോ. ജെനു അലക്സ് 1996 മുതൽ 1999 വരെ കറുകച്ചാൽ എൻ.എസ്.എസ്. ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് ബെലഗാവിയിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ ഉപരിപഠനം നടത്തി. പിന്നീട് 2002 മുതൽ 2012 വരെ മാലിദ്വീപ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ സേവനമനുഷ്ഠിച്ച ശേഷം വീണ്ടും കറുകച്ചാൽ എൻ.എസ്.എസ്. ആശുപത്രിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
മറ്റ് ആശുപത്രികളിൽ നിന്ന് മികച്ച ഓഫറുകൾ ലഭിച്ചിട്ടും തന്റെ ആദ്യ ജോലിസ്ഥലം വിട്ടുപോകാൻ അദ്ദേഹം തയ്യാറായില്ല. ആരോഗ്യമുള്ളിടത്തോളം കാലം രോഗികളെ സേവിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. “ഡോക്ടറുടെ ജോലി വാച്ചിലെ സമയം നോക്കി ചെയ്യാനുള്ളതല്ല” എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.
14 വർഷത്തിനിടെ ഞായറാഴ്ചകൾ ഒഴികെ 30 ദിവസം പോലും അവധിയെടുത്തിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഇത്രയും കാലത്തിനിടെ ഒരിക്കലും വീട്ടിലെത്തി രോഗികളെ പരിശോധിച്ചിട്ടില്ലെന്നും സ്വന്തം വീടിന്റെ മതിലിൽ പോലും ‘ഡോക്ടർ’ എന്ന പേരുപലക സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഭാര്യ ആനി സിറിയക്ക് ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി ഹയർ സെക്കൻഡറി സ്കൂളിലെ വൈസ് പ്രിൻസിപ്പലാണ്. മക്കളായ റബേക്കയും സാമുവലും ബെംഗളൂരുവിൽ ജോലി ചെയ്യുന്നു.






