തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്താൻ സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് വിഷയം ചർച്ചയായത്. പരീക്ഷാ ക്രമക്കേട് അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാന ആസൂത്രണ ബോർഡിലെ സുപ്രധാന തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെയാണ് പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ ഉയർന്ന ശമ്പളമുള്ള തസ്തികകളിലേക്കാണ് പരീക്ഷ നടന്നത്. സംഭവത്തിൽ പുനർമൂല്യനിർണയം നടത്താനും ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനും പിഎസ്‌സി മുമ്പേ തീരുമാനിച്ചിരുന്നു.
ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് ആയി ഒന്നാം റാങ്കുകാരനായ അരുണ്‍ ജെ പ്രതാപിനെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു. മൂന്നാം റാങ്കുകാരൻ കെ. ശ്യാം കൃഷ്ണൻ മാർക്കിൽ സംശയം തോന്നി പിഎസ്‌സിയെ സമീപിച്ചതിനെ തുടർന്നാണ് പ്രശ്നം പുറത്തായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 228 പേരുടെ ഉത്തരക്കടലാസുകളിൽ 9 മുതൽ 18 വരെ ചോദ്യങ്ങൾ പരിശോധിക്കാത്തതായി കണ്ടെത്തി. 2023 ജൂലൈ 13നാണ് പരീക്ഷ നടന്നത്. 2025 മെയ് 31നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.






