മുംബൈ: ടിസി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അധ്യാപകനെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ കന്റോൺമെന്റ് പ്രദേശത്തുള്ള ലിറ്റിൽ ഫ്ലവർ സ്‌കൂളിലാണ് സംഭവം.
ഓൺലൈനായി ഓർഡർ ചെയ്ത കത്തിയുമായാണ് വിദ്യാർത്ഥി സ്‌കൂളിലെത്തിയതെന്നാണ് റിപ്പോർട്ട്. സ്‌കൂളിലെ പ്രിൻസിപ്പലിന്റെ ക്യാബിനിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദൃശ്യങ്ങളിൽ അധ്യാപകനും വിദ്യാർത്ഥിയും ഗൗരവമായ ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്നതായി കാണാം. എന്നാൽ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ വിദ്യാർത്ഥി അക്രമാസക്തനായി അധ്യാപകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് അധ്യാപകന്റെ നെഞ്ചിൽ കുത്തിയതായും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു.
പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തും വിദ്യാർത്ഥിക്ക് അതേ അധ്യാപകനുമായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.




