കണ്ണൂർ: ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് വീണ്ടും പിടികൂടി. പുണെ സ്വദേശിയായ സഞ്ജുരാജ് മൽഹോത്ര (45)യാണ് മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്ന് അറസ്റ്റിലായത്.
പ്രതിയെ കണ്ണൂരിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സഞ്ജുരാജ് മൽഹോത്ര. ഇയാൾ പുണെയിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് സംഘം അവിടെയെത്തി അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, പുണെ–എറണാകുളം എക്‌സ്പ്രസിൽ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ സമയത്ത് പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു.
പ്രതി രക്ഷപ്പെട്ടതിനെ തുടർന്ന് പൊലീസ് സംഘം രത്നഗിരിയിൽ ഇറങ്ങി വ്യാപക തിരച്ചിൽ ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ മഹാബലേശ്വറിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വീണ്ടും പിടികൂടി.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരി ഉൾപ്പെടെ എസ്.ഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.













