ന്യൂയോർക്ക്: ലോക ഫുട്ബോളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏറ്റവും തിളങ്ങിയ താരങ്ങളിൽ മുൻനിരയിലാണ് ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ. 2018 റഷ്യ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ഗോൾ നേടി ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ച താരം ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
2022 ഖത്തർ ലോകകപ്പിൽ ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ ഹാട്രിക് ഉൾപ്പെടെ എട്ട് ഗോൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ എംബാപ്പെ, നാല് വർഷങ്ങൾക്കിപ്പുറവും അതേ മികവ് തുടരുകയാണ്. അതിവേഗ മുന്നേറ്റങ്ങളും കൃത്യതയാർന്ന ഫിനിഷിങ്ങും കൊണ്ട് എതിരാളികൾക്ക് വലിയ വെല്ലുവിളിയായി താരം തുടരുന്നു.
ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇനി എംബാപ്പെയ്ക്ക് മുന്നിലുള്ളത് അർജന്റീനൻ ഇതിഹാസം ലയണൽ മെസി മാത്രമാണ്. ആറ് ലോകകപ്പുകളിലായി 29 മത്സരങ്ങളിൽ നിന്ന് മെസി 19 ഗോൾ നേടിയപ്പോൾ, മൂന്ന് ലോകകപ്പുകളിലെ വെറും 18 മത്സരങ്ങളിൽ നിന്ന് 18 ഗോൾ നേടി എംബാപ്പെ രണ്ടാം സ്ഥാനത്തെത്തി.
2014 ലോകകപ്പിൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെ സ്ഥാപിച്ച 16 ഗോളിന്റെ റെക്കോർഡ് മറികടക്കാൻ മെസിക്ക് ഒരു ദശാബ്ദം വേണ്ടിവന്നിരുന്നു. എന്നാൽ നിലവിലെ ഫോം തുടരുകയാണെങ്കിൽ ഈ ലോകകപ്പിൽ തന്നെ മെസിയുടെ 19 ഗോളെന്ന നേട്ടവും എംബാപ്പെ മറികടക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.
ടൂർണമെന്റിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും ഇരട്ടഗോൾ നേടിയ എംബാപ്പെ, റൗണ്ട് ഓഫ് 32ൽ സ്വീഡനെതിരെയും രണ്ട് ഗോൾ നേടി തന്റെ ആകെ ഗോൾനേട്ടം ആറായി ഉയർത്തി. ഇതോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും എംബാപ്പെ സ്വന്തമാക്കി. നോക്കൗട്ട് മത്സരങ്ങളിൽ പത്ത് ഗോൾ നേടിയ താരം, എട്ട് ഗോൾ നേടിയ ബ്രസീൽ ഇതിഹാസം റൊണാൾഡോയെ പിന്തള്ളുകയായിരുന്നു.
ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും മെസിയും എംബാപ്പെയും ഒപ്പത്തിനൊപ്പമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഇരുവർക്കും ആറ് ഗോളുകളാണുള്ളത്. അഞ്ച് ഗോളുകളുമായി നോർവേയുടെ എർലിങ് ഹാളണ്ട് മൂന്നാം സ്ഥാനത്തുണ്ട്. ലോകകപ്പിലെ ഗോൾവേട്ടയിൽ ആരാകും അവസാന വാക്ക് പറയുകയെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.













