പാലക്കാട്: പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഗുരുതര അനാസ്ഥയുണ്ടായെന്ന പരാതിയുമായി രോഗിയുടെ കുടുംബവും ആംബുലൻസ് ഡ്രൈവറും. പൂർണഗർഭിണിയായ യുവതിയെ ആംബുലൻസിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ വീൽചെയറോ സ്ട്രച്ചറോ ലഭിക്കാതിരുന്നതിനെ തുടർന്ന് ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നെന്നാണ് ആരോപണം.
ഞായറാഴ്ചയാണ് സംഭവം നടന്നത്. മുതലമട കാമ്പ്രത്ത് ചള്ള സ്വദേശിനിയായ ഗർഭിണിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി പാലക്കാട് സ്ത്രീ-ശിശു ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയ ശേഷവും ആശുപത്രിക്കുള്ളിലേക്ക് മാറ്റാൻ ആവശ്യമായ സൗകര്യം ലഭിക്കാതെ സമയം വൈകിയെന്നാണ് പരാതി.
തുടർന്ന് യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അവിടെ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതികരിച്ച ആംബുലൻസ് ഡ്രൈവർ ഗോപി, ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ അതിവേഗം ആശുപത്രിയിലെത്തിച്ചെങ്കിലും ആവശ്യമായ പരിചരണം സമയബന്ധിതമായി ലഭിച്ചില്ലെന്ന് ആരോപിച്ചു. മറ്റൊരു രോഗിക്കായി വീൽചെയർ ഉപയോഗിക്കുന്നതിനാൽ ഉടൻ ലഭ്യമാകില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“അടിയന്തര ചികിത്സ ആവശ്യമായ കേസായിരുന്നു ഇത്. ജീവൻ പണയം വെച്ചാണ് ഓരോ രോഗിയെയും ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ ആശുപത്രിയിലെത്തിച്ച ശേഷവും ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാത്തത് ആശങ്കപ്പെടുത്തുന്നതാണ്. ഇതാദ്യമായല്ല ഇത്തരത്തിലുള്ള അനുഭവമുണ്ടാകുന്നത്,” എന്നും ആംബുലൻസ് ഡ്രൈവർ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.













