ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം മോഷണ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സിസിടിവി ക്യാമറകളുടെ ബ്ലൈൻഡ് സ്പോട്ടുകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് പ്രധാന പ്രതികളിൽ ഒരാൾ വെളിപ്പെടുത്തി.
കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രതി അവിനാശ് ശുക്ലയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ രീതികൾ വ്യക്തമായത്. കാണിക്കപ്പണം എണ്ണുന്ന മുറിയിലെ ക്യാമറകളുടെ സ്ഥാനം മുൻകൂട്ടി അറിയാമായിരുന്നെന്നും, ക്യാമറ കാണാത്ത ഭാഗങ്ങൾ ഉപയോഗിച്ചാണ് പണം എടുത്തതെന്നും പ്രതി സമ്മതിച്ചു.
മോഷ്ടിച്ച പണം ശുചിമുറികളിൽ ഒളിപ്പിച്ച് പിന്നീട് അവസരം ലഭിക്കുമ്പോൾ പുറത്തേക്ക് കടത്തുന്നതായിരുന്നു രീതിയായിരുന്നു എന്നും ചോദ്യം ചെയ്യലിൽനിന്ന് വെളിപ്പെട്ടു. മറ്റ് പ്രതികളുമായി ചേർന്ന് ആസൂത്രിതമായ രീതിയിലായിരുന്നു മോഷണം നടന്നതെന്നും കണ്ടെത്തി.
മോഷണ സമയത്ത് ഒരാൾ പണം എടുക്കുമ്പോൾ മറ്റുള്ളവർ ക്യാമറയിൽ നിന്ന് മറയ്ക്കാൻ സഹായിച്ചതായും, ക്ഷേത്ര ട്രസ്റ്റുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതിനാൽ ആരും സംശയിച്ചില്ലെന്നും പ്രതി പറഞ്ഞു. മോഷ്ടിച്ച പണം ഉപയോഗിച്ച് ഭൂമിയും വീടും വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പ്രതികളുടെ ബാങ്ക് ഇടപാടുകളും സാമ്പത്തിക വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
കേസിൽ നിരവധി പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കേസ് കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് സൂചനയുണ്ട്.




