ഏഥൻസ്: ഗ്രീസിലേക്ക് യാത്ര പോകുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി പണമിടപാടുകൾ കൂടുതൽ എളുപ്പമാകും. യൂറോപ്പിലുടനീളം ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലയായ യുപിഐ സേവനം വ്യാപിപിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ ഗ്രീസിലും പ്രവർത്തനമാരംഭിച്ചു.
ഫ്രാൻസിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാരീസിലെ ഈഫൽ ടവർ, നീസിലെ ഗാലറീസ് ലഫായെറ്റ് എന്നിവിടങ്ങളിൽ അടുത്തിടെ യുപിഐ വിജയകരമായി ലഭ്യമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ആഗോളതലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യയുടെ യുപിഐ പേയ്‌മെന്റ് സംവിധാനം കൂടുതൽ സ്വീകരിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഇന്ത്യൻ വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം നാട്ടിലുള്ള സൗകര്യം വിദേശത്തും കിട്ടുക എന്നത് ആശ്വാസമുള്ള കാര്യമാണ്. ഒരു സാധാരണ ചായക്കടയിൽ നിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്യുന്നത് പോലെ ലളിതമായി ഇനി വിദേശത്തും പണമിടപാടുകൾ നടത്താം. ഏഥൻസ് സന്ദർശനത്തിനിടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യൂറോബാങ്കും (Eurobank) എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡും (NIPL) തമ്മിൽ ചേർന്നാണ് ഇത് നടപ്പാക്കുന്നത്.






