ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് ദീർഘകാല പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടത്തിയ ചർച്ചകൾ അനുകൂലമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും പ്രാഥമിക ധാരണയിലെത്തിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഒരാഴ്ചത്തേക്ക് ഹോർമൂസ് മേഖലയിൽ സംഘർഷം കുറയ്ക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന്റെ നിയന്ത്രണം ആരുടെ കൈവശമാകണം എന്ന വിഷയത്തിൽ ഭിന്നത തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ ജൂലൈ 4 മുതൽ 9 വരെ നടക്കുന്നതിനാൽ, അടുത്തഘട്ട ചർച്ചകൾ അതിന് ശേഷമായിരിക്കും എന്നാണ് സൂചന.
അന്തിമ കരാറിലേക്ക് എത്തുന്നതിന് തടസ്സമായി നിൽക്കുന്ന വിഷയങ്ങൾ ഖത്തറിന്റെയും പാകിസ്താന്റെയും പ്രതിനിധികൾ മുഖേന ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായി അറിയുന്നു. രണ്ടാഴ്ച മുമ്പ് ഒപ്പുവെച്ച ‘ഇസ്ലാമാബാദ് ധാരണാപത്ര’ത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ പുരോഗതിയും വിലയിരുത്തി.
ഖത്തറിലെത്തിയ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരദ് കഷ്നറും സാങ്കേതികതല ചർച്ചകളിൽ പങ്കെടുത്തില്ല. എന്നാൽ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.
വിദേശകാര്യ സഹമന്ത്രി കാസിം ഖരിബാബാദിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലേക്ക് മടങ്ങുമെങ്കിലും, യു.എസ്. പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ച ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വാരാന്ത്യത്തിൽ ഇരു രാജ്യങ്ങളും വീണ്ടും ഏറ്റുമുട്ടിയതോടെ ഇടക്കാല സമാധാനകരാർ അന്തിമമാക്കാനുള്ള ശ്രമങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. ചൊവ്വാഴ്ച ഖത്തറിൽ ചർച്ച നടക്കുമെന്ന് അമേരിക്കയും പ്രധാന മധ്യസ്ഥരായ പാകിസ്താനും അറിയിച്ചിരുന്നെങ്കിലും, നേരിട്ടുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്ന് ഖത്തറും വരുംദിവസങ്ങളിൽ ചർച്ചയില്ലെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു.




