അമരാവതി: ആന്ധ്രാപ്രദേശിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ച് മൂന്ന് പേർ മരിച്ചു. ബോയപാളേം ഗ്രാമത്തിൽ ബുധനാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
എതിർ ദിശയിൽ നിന്നും വന്ന ട്രക്കിലേക്ക് മറ്റൊരു ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പേപ്പർ കയറ്റിയ ട്രക്കിന് തീപിടിക്കുകയും ഇരുവാഹനങ്ങളും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേർ വെന്തുമരിച്ചതായി പൊലീസ് അറിയിച്ചു.
ചരക്ക് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന ട്രക്കിൽ വലിയ തോതിൽ പേപ്പർ ഉണ്ടായിരുന്നതിനാൽ തീ അതിവേഗം പടർന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













