കൊല്ലം: ജീവിച്ചിരിക്കുന്ന ഒരാളുടെ മരണാനന്തര ചടങ്ങുകൾ നടത്താനെന്ന പേരിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ കൊല്ലം ഇരവിപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇരവിപുരം കയ്യാലക്കൽ സ്വദേശികളായ സജീവും ഭാര്യ സമിതയും നൽകിയ പരാതിയിലാണ് നടപടി. ഇരവിപുരം സ്വദേശിയായ നിസാമിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
സജീവിന്റെ മരണാനന്തര ചടങ്ങുകൾക്കായി പണം ശേഖരിച്ചെന്നാരോപിച്ചാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിസാമിന്റെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി ഏകദേശം 19,000 രൂപ സമാഹരിച്ചതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ 318(2), 318(4) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിസാമിനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.




