തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവർത്തനത്തിനിടെ പൈലിങ് യന്ത്രം റെയിൽപാതയിലേക്ക് ചരിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് സംഭവം നടന്നത്.
റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൈലിങ് ജോലികൾ നടക്കുന്നതിനിടെയാണ് യന്ത്രം നിയന്ത്രണം വിട്ട് ചരിഞ്ഞ് റെയിൽപാതയിൽ തട്ടിയത്. സംഭവസമയത്ത് ട്രെയിനുകളൊന്നും ആ ട്രാക്കിലൂടെ കടന്നുപോകാത്തതിനാൽ വലിയ അപകടം ഒഴിവായതായി അധികൃതർ അറിയിച്ചു.
യന്ത്രം സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ യാത്രക്കാർക്കോ തൊഴിലാളികൾക്കോ പരിക്കേറ്റിട്ടില്ല.
സംഭവത്തെ തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി തടസ്സപ്പെട്ടു. അവിടെ എത്തേണ്ട ട്രെയിനുകൾ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിച്ചുവിടാനാണ് സാധ്യത.
സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




