മയാമി: കേപ് വെർദെയുടെ ശക്തമായ പോരാട്ടം അതിജീവിച്ച് അർജന്റീന ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. മത്സരത്തിൽ ഗോൾ നേടിയ നായകൻ ലയണൽ മെസ്സി ലോകകപ്പ് ചരിത്രത്തിൽ നിരവധി റെക്കോർഡുകളും സ്വന്തം പേരിലാക്കി.
കേപ് വെർദെയ്ക്കെതിരായ ഗോൾ ഉൾപ്പെടെ മെസ്സിയുടെ ആകെ ലോകകപ്പ് ഗോൾനേട്ടം 20 ആയി. ആറ് ലോകകപ്പുകളിലായി 20 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് ഇതിലൂടെ മെസ്സി സ്വന്തമാക്കിയത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന സ്വന്തം റെക്കോർഡും അദ്ദേഹം കൂടുതൽ മെച്ചപ്പെടുത്തി.
ഈ മത്സരം മെസ്സിയുടെ 30-ാമത് ലോകകപ്പ് മത്സരവുമായിരുന്നു. ഇതോടെ ലോകകപ്പിൽ 30 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടവും ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലായി.
നിലവിലെ ലോകകപ്പിൽ മെസ്സിയുടെ ഗോൾനേട്ടം ഏഴായി. ഇതിന് മുമ്പ് ഖത്തർ ലോകകപ്പിലും അദ്ദേഹം ഏഴ് ഗോളുകൾ നേടിയിരുന്നു. തുടർച്ചയായി രണ്ട് ലോകകപ്പുകളിൽ ഏഴ് വീതം ഗോളുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ മെസ്സി സ്വന്തമാക്കി.
കൂടാതെ, തുടർച്ചയായ എട്ടാം ലോകകപ്പ് മത്സരത്തിലാണ് മെസ്സി വലകുലുക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി എട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന അപൂർവ റെക്കോർഡും ഇതോടെ അദ്ദേഹത്തിന്റെ പേരിലായി. ഈ എട്ട് മത്സരങ്ങളിൽ നിന്ന് മാത്രം മെസ്സി 12 ഗോളുകളാണ് സ്വന്തമാക്കിയത്.




