കൊച്ചി: കൊച്ചിയിലെ വൈറ്റില ഹബ്ബിൽ സ്വകാര്യ ബസുകൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് മാറി. വടിവാളുമായി ജീവനക്കാരൻ ആക്രമണം നടത്തിയതോടെ ഒരാൾക്ക് പരിക്കേറ്റു. ‘അതുല്യ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ‘ഗുരുദേവൻ’ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
ബസുകൾ തമ്മിൽ ഓട്ട സമയം സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ കലൂർ സ്റ്റാൻഡിൽ പാർക്കിംഗിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നതായി പറയുന്നു. ഇതിന് പിന്നാലെ വൈറ്റില ഹബ്ബിൽ എത്തിയപ്പോൾ ‘അതുല്യ’ ബസിലെ ജീവനക്കാരൻ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു. വാഹനം തടഞ്ഞുനിർത്തിയാണ് ആക്രമണം നടന്നത്. അസഭ്യവാക്കുകൾ പറഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ മരട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മാരകായുധം ഉപയോഗിച്ചതിനാൽ പ്രതിക്കെതിരെ ആംസ് ആക്ട് അടക്കം ചുമത്താനിടയുണ്ട്.












