കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവുകൾ ഉണ്ടായിരുന്നില്ലെന്നും ലഭിച്ചത് ചില ഡയറി രേഖകൾ മാത്രമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിനാലാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും സർക്കാർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനല്ലെന്നും സർക്കാർ വാദിച്ചു.
എന്നാൽ, പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജികളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) എതിർത്തു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാനാകുമെന്നും ഇ.ഡി. ചോദിച്ചു.
പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധിയില്ലെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമല്ലോയെന്നും കോടതി ആരാഞ്ഞു. കേസെടുക്കാൻ ലഭിച്ച തെളിവുകൾ മതിയായിരുന്നില്ലെന്നാണ് സർക്കാർ മറുപടി നൽകിയത്. ഹർജിയിലെ വാദം തുടരുകയാണ്.



