വിവാദങ്ങൾക്ക് പുറകെ വിവാദങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന യുഡിഎഫിന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നതിൽ അധികവും അപ്രതീക്ഷിത മേഖലകളിൽ നിന്നുള്ള പ്രഹരങ്ങളാണ്. കോൺഗ്രസ് മാത്രമല്ല, മുസ്ലീം ലീഗിന്റെ അവസ്ഥയും അത്ര വ്യത്യസ്തമല്ല. സ്വന്തം സംവിധാനങ്ങൾക്കുള്ളിൽ നിന്ന് തന്നെ ലീഗും എതിർപ്പുകൾ നേരിടുകയാണ്. എംഎസ്എഫാണ് ലീഗിനെതിരെ വാളെടുത്തിരിക്കുന്നത്.
മുസ്‍ലിം ലീഗ് മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി തന്നെ രംഗത്ത് വന്നുകഴിഞ്ഞു. പാർട്ടിയുടെ ജനാധിപത്യ അധികാരങ്ങളെ മന്ത്രിമാർ അട്ടിമറിച്ചെന്നും സ്റ്റാഫ് നിയമനത്തിൽ തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റിയെന്നുമാണ് ലീഗിനെതിരെ എംഎസ്എഫ് ഉയർത്തുന്ന പ്രധാന ആരോപണം. പത്തു വർഷക്കാലമായി സംഘടനയ്ക്ക് വേണ്ടി തെരുവിൽ സമരം ചെയ്ത നേതാക്കളെ മനഃപൂര്‍വം വെട്ടിമാറ്റിയെന്നും എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിൽ വിമർശിക്കുന്നുണ്ട്. മന്ത്രിമാരുടെ സ്വയം ഭരണ പ്രവണതകൾക്കെതിരെയാണ് എംഎസ്എഫുകാർക്ക് അമർഷം. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദിന്‍റെ സാന്നിധ്യത്തിൽ ആയിരുന്നു പ്രമേയം അവതരിപ്പിച്ചത്.
പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ സുതാര്യമാക്കാൻ പാർടി ചുമതലപ്പെടുത്തിയ ഉപസമിതിയെ നോക്കു കുത്തിയാക്കിയെന്നും മന്ത്രിമാർ തന്നിഷ്ട പ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റിയെന്നും ഗുരുതര ആരോപണങ്ങളാണ് എം എസ് എഫ് ഉന്നയിച്ചിരിക്കുന്നത്. ഏകപക്ഷീയമായാ ഈ നടപടി രാപ്പകലില്ലാതേ പ്രവർത്തിക്കുന്ന അണികളോടും, പാർട്ടിയോടും ഉള്ള വഞ്ചനയൈണ്. പോഷക സംഘടനകൾ സമർപ്പിച്ച ശിപാർശ ലിസ്റ്റ് മന്ത്രിമാർ തള്ളി. കഴിഞ്ഞ 10 വർഷം സമരം ചെയ്തും, ജയിൽ വാസം അനുഷ്ഠിച്ചും മർദനങ്ങൾ ഏറ്റുവാങ്ങിയവരെയും മനപൂർവം മാറ്റിയെന്നും എം എസ് എഫ്. പേഴ്സണല്‍ സ്റ്റാഫിലേക്ക് തന്നിഷ്ടപ്രകാരം നിയമനം നടത്തുന്നത് അണികളോടും പ്രസ്ഥാനത്തോടുമുള്ള വഞ്ചനയാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
പാർട്ടിക്കും വിദ്യാർത്ഥി സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ച നിരവധി പ്രവർത്തകരെ പരിഗണിക്കാതെ, മുൻപ് പദവികൾ വഹിച്ചവർക്കും ചില പ്രത്യേക വ്യക്തികൾക്കും വീണ്ടും അവസരം നൽകി. രാഷ്ട്രീയ ബോധ്യമോ പാർട്ടി കൂറോ ഇല്ലാത്തവരെയാണ് പേർസണൽ സ്റ്റാഫിൽ തിരുകി കയറ്റിയത് എന്നും പാർട്ടിയുടെ അച്ചടക്കത്തെ വെല്ലുവിളിച്ച് മന്ത്രിമാർ നടത്തിയ നിയമനത്തിൽ മുസ്ലിം ലീഗ് നേതൃത്വം ഇടപെടണം എന്നും പ്രമേയം.
സമര നേതാക്കളോട് മന്ത്രിമാർ കാട്ടിയ ക്രൂരത ചരിത്രത്തിന് നിരക്കാത്തതാണ്. പാർട്ടിക്കു വേണ്ടി തെരുവിൽ തല്ലുകൊള്ളാൻ പോഷക സംഘടനകളെ ഉപയോഗിക്കുകയും വിയർപ്പൊഴുക്കാത്തവർക്ക് വേണ്ടി മാത്രം പദവികൾ നൽകുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിൽ തന്നെയാണ് എംഎസ്എഫ്.
കോൺഗ്രസിൽ തുടക്കത്തിൽ തന്നെ ഉയർന്ന വിവാദങ്ങളിലൊന്നാണ് പേഴ്സണൽ സ്റ്റാഫ്, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയ നിയമനങ്ങളിലെ വെള്ളം ചേർക്കലുകൾ. അത് തന്നെയാണ് ഇപ്പോൾ യൂത്ത് ലീഗും എംഎസ്എഫും ലീഗിന്റെ കാര്യത്തിലും ഉന്നയിക്കുന്നത്. യൂത്ത് ലീഗ് എംഎസ്എഫ്, കെഎസ്‍ടിയു, സികെസിറ്റി എന്നിവർ ഔദ്യോഗികമായി നൽകിയ ലിസ്റ്റുകൾ മന്ത്രിമാർ തള്ളിക്കളഞ്ഞു. പദവികളുടെ ഈ കുത്തകവൽക്കരണം അംഗീകരിക്കാനാവില്ലെന്ന് പോഷക സംഘടനകൾ തുറന്ന് പറയുന്നു. പാർട്ടിക്ക് അധികാരം ലഭിക്കുമ്പോൾ സുവർണ കാലം സ്വപ്നം കണ്ട് നടന്നവർക്ക് അവഗണിക്കപ്പെടുന്നത് സഹിക്കാൻ കുറച്ച് ബുദ്ധിമുട്ട് തന്നെയായിരിക്കും. പാർടിക്ക് ഭരണപങ്കാളിത്തമുള്ളപ്പോള്‍ ഭരണസിരാകേന്ദ്രങ്ങളിൽ എംഎസ്എഫ് അവഗണിക്കപ്പെടുന്നത് താഴെത്തട്ടിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. ക
ഒറ്റ ദിവസം കൊണ്ടുണ്ടായ അതൃപ്തിയല്ല ഈ പുകയുന്നത്. നേരത്തെ, പിഎംശ്രീ, മദ്യനയം വിഷയങ്ങളിലും ലീഗിനുള്ളിൽ നിന്ന് തന്നെ സമാനമായ എതിർപ്പുകളും അസ്വാരസ്യങ്ങളും ഉയർന്നതാണ്. പ്രത്യേകിച്ച് പിഎം ശ്രീയുടെ പേരിൽ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ തെരുവിലിറങ്ങിയതും ലാത്തികൊണ്ട് അടികൊണ്ടതുമെല്ലാം ഇതേ യൂത്ത് ലീഗും എംഎസ്എഫും തന്നെയാണെന്നത് ഒരു യാഥാർത്ഥ്യമാണ്. വെട്ടിത്തുറന്ന് പറയാനാവാത്തതിനാൽ പികെ നവാസ് പരോക്ഷമായി തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശത്തിനിടയിൽ ഉണ്ടാകുന്ന ഇത്തരം ആഭ്യന്തര കലഹങ്ങൾ, സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്നുറപ്പാണ്. കോൺഗ്രസിന് പിന്നാലെ ലീഗിലും സമാനമായ തർക്കങ്ങൾ ഉടലെടുക്കുന്നത് മുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. മുൻപ് അധികാരത്തിലിരുന്നപ്പോഴും സമാനമായ ആക്ഷേപങ്ങൾ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. എന്നിട്ടും വീണ്ടും ഗ്രൂപ്പ് താല്പര്യങ്ങൾക്കും സ്വജനപക്ഷപാതത്തിനും മുൻഗണന നൽകുന്നത് പാർട്ടിക്കുള്ളിലെ ജനാധിപത്യത്തെ ദുർബലപ്പെടുത്തും.
പാർട്ടിയെ നെഞ്ചിലേറ്റി തെരുവിൽ സമരം നയിച്ച ഒരു യുവതലമുറയ്ക്കിത് ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. കോൺഗ്രസിലെ ഗ്രൂപ്പ് പോരുകൾക്ക് പിന്നാലെ, അച്ചടക്കത്തിന്റെ കാര്യത്തിൽ മാതൃകയെന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗിലും പോഷക സംഘടനകൾ പരസ്യമായി വാളെടുക്കുന്നത് യുഡിഎഫ് മുന്നണിക്ക് ഒട്ടും ശുഭസൂചനയല്ല നൽകുന്നത്. പിഎം ശ്രീ പ്രൊജക്റ്റിലും മദ്യനയത്തിലും ഉണ്ടായ ആഭ്യന്തര ഭിന്നതകൾക്ക് പിന്നാലെ, ഭരണസിരാകേന്ദ്രങ്ങളിലെ അവഗണന കൂടി ഉയർന്നുവരുമ്പോൾ ലീഗ് നേതൃത്വത്തിന് ഇത് വരുംദിവസങ്ങളിൽ വലിയ അഗ്നിപരീക്ഷയായി മാറും.











