Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിലെ പ്രൈവറ്റ് ബസുകൾ ഇല്ലാതാവുമോ? അവരും ജീവിക്കണ്ടേ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്ത്രീശാക്തീകരണത്തിനൊപ്പം പൊതുഗതാഗതത്തിന്റെ പ്രസക്തി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർക്കാർ സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര പദ്ധതിയായ ‘പ്രിയദർശിനി’ ആരംഭിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോൾ പൊതുസമൂഹത്തിൽ പദ്ധതിക്ക് നല്ല സ്വീകാര്യതയുമാണ്. സ്ത്രീയാത്രക്കാരിൽ മുപ്പതുശതമാനം വർധനയുണ്ടായതായും കെ.എസ്.ആർ.ടി.സി.യുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. വടക്കൻകേരളത്തിൽ കൂടുതൽ ബസുകൾ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സമൂഹം പ്രിയദർശിനിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം.

ഇന്ധനവില വർധനവും, പ്രിയദർശിനിയും വിജയം കാണുമ്പോൾ മറ്റൊരുവശത്ത് ആശങ്ക ഉയരുകയാണ്. രണ്ടിനുമിടയിൽ തകർച്ചയുടെ നെല്ലിപ്പടിയിലേക്കാണ് സ്വകാര്യ ബസുകളുടെ യാത്ര. രണ്ടുദിവസത്തിനിടെ സംസ്ഥാനത്ത് ഇരുനൂറോളം സ്വകാര്യബസുകളാണ് നഷ്ടംകാരണം യാത്ര നിർത്തിയത്. കോവിഡിനെത്തുടർന്ന് കിതച്ചുതുടങ്ങിയ ബസ് വ്യവസായം നിലവിൽ നിലക്കുമെന്ന അവസ്ഥയിലാണ്. കെ.എസ്.ആർ.ടി.സി.ബസുകളിൽ സൗജന്യയാത്ര അനുവദിച്ചതോടെ സ്ത്രീകൾ സ്വകാര്യബസുകളെ കൈവിട്ടു. ബസ് യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അവർ കൂട്ടത്തോടെ കെ.എസ്.ആർ.ടി.സി.ബസുകളെ ആശ്രയിച്ചുതുടങ്ങിയതോടെ സ്വകാര്യമേഖലയുടെ നിലനിൽപ്പുതന്നെ ഇപ്പോൾ അപകടത്തിലാണ്.

കോവിഡിനെത്തുടർന്ന് സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലെ വർധനയാണ് ബസ് വ്യവസായത്തെ ആദ്യം ബാധിച്ചത്. മറുനാടൻ തൊഴിലാളികൾ ഇല്ലാത്തതിനാൽ ദിനംപ്രതി ശരാശരി 1,500 രൂപയുടെ വരുമാന നഷ്ട്ടമാണ് സ്വകാര്യ ബസുകൾക്ക് ഉണ്ടായത്. നിലവിലെ ഇന്ധനവില വർധനയിൽ ബസുകളിൽ ഫുൾ ടാങ്ക് ഇന്ധനമടിക്കണമെങ്കിൽ വൻ സാമ്പത്തിക ബാധ്യതയാണുള്ളത്. കണ്ണൂർ ജില്ലയിൽ രണ്ടായിരത്തിൽപരം ബസുകൾ ഓടിയിരുന്ന സ്ഥാനത്ത് ഇന്ന് 800 ബസുകളാണ് സർവിസ് നടത്തുന്നത്. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുന്ന കാര്യം 13 വർഷമായിട്ടും ഇതുവരെ പരിഗണയിൽ പോലും എടുത്തിട്ടില്ല

.സ്വകാര്യബസുകളെ മാറ്റിനിർത്തിക്കൊണ്ട് കേരളത്തിന്റെ പൊതുഗതാഗതരംഗം സമഗ്രമാകില്ല. ഒരുകാലത്ത് പതിനായിരങ്ങള്‍ ഉപജീവനം നടത്തിയിരുന്ന മേഖല. കേരളത്തിന്റെ ഗതാഗത രംഗത്ത് വലിയ സംഭാവനകള്‍ നല്കിയ വ്യവസായരംഗം. അതേ, സ്വകാര്യ ബസ് വ്യവസായം അതിന്റെ പ്രതാപകാലം പിന്നിട്ട് അതിജീവനത്തിന്റെ വഴിയിലാണ്. എണ്ണായിരത്തിനും പതിനായിരത്തിനുമിടയ്ക്ക് സ്വകാര്യബസുകളാണ് സംസ്ഥാനത്തുള്ളത്. കെ.എസ്.ആർ.ടി.സി.ക്ക് അയ്യായിരത്തിയഞ്ഞൂറു ബസുകൾ. ഇതിൽ 3125 ഓർഡിനറി ബസുകളാണ് സൗജന്യയാത്രാപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്വകാര്യബസുകളെല്ലാം ഇതേ വിഭാഗത്തിൽപ്പെട്ടവയാണ്. മത്സരിച്ച് കച്ചവടം നടത്തിയിരുന്ന രണ്ടു സ്ഥാപനങ്ങളിലൊന്നിൽ ഒരു സുപ്രഭാതത്തിൽ സൗജന്യസേവനമായാൽ മറ്റേതിന്റെ നിലനിൽപ്പ് അപകടത്തിലാകും. ഇതുതന്നെയാണ് സ്വകാര്യബസുകളുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്.

പല റൂട്ടുകളിലും സര്‍വീസുകള്‍ പൂര്‍ണമായും അവസാനിപ്പിക്കുകയും ചില ബസുകള്‍ ലാഭമില്ലാതെ ഓടിക്കൊണ്ടിരിക്കുകയുമാണ്. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും ദൈനംദിന യാത്രക്കാരുടെ ആശ്രയമായിരുന്ന സ്വകാര്യ ബസുകള്‍ ഇന്ന് സാമ്പത്തികമായി നിലനില്‍ക്കാന്‍ പോലും പ്രയാസപ്പെടുന്ന സാഹചര്യമാണ്. ‘പ്രിയദർശിനി’ പദ്ധതി സ്വകാര്യബസുകളെ ബാധിച്ചിട്ടുണ്ടെന്ന കാര്യം സർക്കാരും സമ്മതിക്കുന്നുണ്ട്. സ്വകാര്യബസുകളുടെ വരുമാനത്തിൽ ദിവസം 2000 രൂപയ്ക്കടുത്ത് കുറവുണ്ടായിട്ടുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ പറഞ്ഞിരുന്നു.

സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച ഗതാഗത മന്ത്രി ടിക്കറ്റിതര വരുമാന മാര്‍ഗ്ഗങ്ങള്‍’ കണ്ടെത്താന്‍ ഉപദേശിച്ചത് ശിരസാവഹിച്ചുകൊണ്ട് ബസ്സിനുള്ളില്‍ പലഹാരക്കച്ചവടം വരെ തുടങ്ങിയിരിക്കുകയാണ് സ്വകാര്യ ബസ് ജീവനക്കാര്‍. കളക്ഷന്‍ കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ അധികം വൈകാതെ സ്വകാര്യ ബസുകള്‍ പലതും കട്ടപ്പുറത്താകുമെന്നാണ് ബസ് ഉടമകളും ജീവനക്കാരും ഒരേസ്വരത്തില്‍ പറയുന്നത്. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ് ഓടികൊണ്ടിരുന്ന പല ബസുകളും ഇന്ന് ആളില്ലാതെ വെറുതെ ഓടേണ്ട അവസ്ഥയാണ്.

സ്വകാര്യ ബസുകാർ വരുമാനത്തിന് മറ്റ് മാർ​ഗങ്ങൾ തേടണം എന്ന മന്ത്രിയുടെ പ്രസ്താവനയുടെ പൊള്ളത്തരത്തെ പരിഹസിച്ച് കഴിഞ്ഞ ദിവസം ബസുകളിൽ അച്ചപ്പവും കുഴലപ്പവും വിറ്റാണ് ബസ് ജീവനക്കാർ പ്രതിഷേധം അറിയിച്ചത്. മിക്ക ജില്ലകളിലും 200നടുത്ത് സ്വകാര്യ ബസുകൾ ഈ ദിവസങ്ങളിൽ ഓട്ടം അവസാനിപ്പിച്ച് കഴിഞ്ഞു. ഈ ജില്ലകളിലെല്ലാം വരും ദിവസങ്ങളിൽ സമരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ത്രീ യാത്രക്കാർ, ഇപ്പോൾ ‘പ്രിയദര്‍ശിനി’ വന്നതിന് ശേഷം എത്ര സ്വകാര്യ ബസുകള്‍ വന്നാലും കെ.എസ്.ആര്‍.ടി.സി ബസ് നോക്കി നില്‍ക്കുന്ന സ്ഥിതി വിശേഷം ആണുള്ളത്. തിരക്ക് മൂലം കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആവശ്യപെട്ടതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പണി എടുക്കുന്ന കൂലി തന്നെ രണ്ട് മൂന്ന് ദിവസം കഴിയുമ്പോഴാണ് ലഭിക്കുന്നത്. പത്തുരൂപയുടെ ടിക്കറ്റ് പോലും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി കാത്ത് നില്‍ക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ പ്രൈവറ്റ് ബസ് വ്യവസായം നിര്‍ത്തലാക്കേണ്ടി വരും.

ഇതിന് ഒരു പരിഹാരം കാണണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക കൂട്ടുന്നതിനൊപ്പം പ്രിയദര്‍ശിനി’ സൗജന്യ വനിതാ യാത്രാ പദ്ധതിക്ക് ഒരു മാനദണ്ഡം കൂടി വക്കേണ്ടതുണ്ട് എന്നാല്‍ മാത്രമെ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കു.’ വർക്ക്ഷോപ്പ് ജീവനക്കാരും യാത്രക്കാരെ വിളിച്ചുകയറ്റാൻ സ്റ്റാൻഡിൽ നിയോഗിക്കപ്പെട്ടവരുമടക്കം പ്രത്യക്ഷവും പരോക്ഷവുമായി ഒട്ടേറെപ്പേർ സ്വകാര്യബസ് മേഖലയെ ആശ്രയിച്ചുജീവിക്കുന്നുണ്ട്.സംസ്ഥാനത്തെ പൊതുഗതാഗതമേഖലയുടെ ആവശ്യങ്ങൾ പൂർണമായി നികത്താൻ കെ.എസ്.ആർ.ടി.സി.യെക്കൊണ്ടു കഴിയില്ല. സ്വകാര്യമേഖലയും ശക്തിപ്പെട്ടാൽമാത്രമേ പൊതുഗതാഗതം നിലനിൽക്കുകയുള്ളൂ. സ്ത്രീകൾക്കായി സൗജന്യ യാത്ര അനുവദിച്ചത് എന്ത് കൊണ്ട് നല്ലത് തന്നെ. എന്നിരുന്നാലും, സർക്കാരിന്റെ ഇത്തരത്തിലുള്ള ക്ഷേമ പ്രവർത്തനങ്ങൾ മറ്റൊരു മേഖലയെ അപ്പാടെ തകർത്തുകൊണ്ടാവരുത്.

Advertisement
WhiteswanTV Footer