പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കില്ല. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജഡ്ജിയുടെ ആരോഗ്യപ്രശ്നത്തെ തുടർന്ന് വിധി പ്രസ്താവം മാറ്റിവെച്ചു. അടുത്ത ദിവസം തന്നെ ശിക്ഷാവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി മാറ്റിവെച്ചതിനാൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ഇന്ന് കോടതിയിലെത്തിയില്ല.
2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ ഈ ഇരട്ടക്കൊല നടത്തിയത്.
ചെന്താമരയുടെ കുടുംബം തകരാൻ കാരണം സുധാകരനാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാണ് ഇയാൾ പോത്തുണ്ടിയിലെത്തിയത്. നാട്ടുകാർ വിവരം നൽകിയിട്ടും പൊലീസ് സമയത്ത് അറസ്റ്റ് ചെയ്തില്ലെന്നും പിന്നീട് വാൾ ഉപയോഗിച്ച് സുധാകരനെയും രക്ഷിക്കാൻ എത്തിയ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഈ കേസിൽ 82 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ചിലർ കോടതിയിൽ മൊഴി മാറ്റിയെങ്കിലും പ്രതിക്കെതിരായ തെളിവുകൾ ശക്തമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ചെന്താമരയ്ക്ക് കർശന ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ ആവശ്യം. ചെന്താമര ഇപ്പോഴും കോടതിയിലെത്തുമ്പോൾ ഭീഷണി മുഴക്കാറുണ്ടെന്നും ഇയാളെ വീണ്ടും പുറത്തുവിട്ടാൽ തങ്ങളുടെ ജീവന് അപകടമുണ്ടാകുമെന്ന ആശങ്കയും അവർ പങ്കുവച്ചു.


