വയനാട്: വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിച്ച നിലയിൽ. സ്ട്രെച്ചറുകൾ, വീൽചെയറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ തുരുമ്പെടുത്ത നിലയിലാണ് കണ്ടെത്തിയത്.
കൊവിഡ് കാലത്ത് ലഭിച്ച ഏകദേശം 15 ലക്ഷം രൂപ വിലവരുന്ന നാല് ഫ്രീസറുകളും ഉപയോഗിക്കാതെ കേടായ നിലയിലാണ്. കൂടാതെ ആശുപത്രിയിലെ തുണികൾ കഴുകുന്നതിനായി 2019-ന് മുമ്പ് വാങ്ങിയ ഏകദേശം 40 ലക്ഷം രൂപ വിലവരുന്ന വാഷിംഗ് മെഷീനും ഉപയോഗശൂന്യമായി കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ചയാണ് മെഡിക്കൽ കോളേജിൽ അനാസ്ഥയുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ട് പുറത്തുവന്നത്. ഉപയോഗിക്കാതെ ഗോഡൗണിൽ കൂട്ടിയിട്ട നിലയിൽ കോടികളുടെ ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന മൊബൈൽ മോർച്ചറി യൂണിറ്റുകളും ഉൾപ്പെടുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ ഉപകരണങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തെ തുടർന്ന് സ്ഥലം എംഎൽഎ ഉഷാ വിജയൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇതിനിടെ, ആരോഗ്യ വകുപ്പ് മന്ത്രി കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. ആദ്യവും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന വാങ്ങലുകൾ പരിശോധിക്കും.
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി വാങ്ങിയ ഉപകരണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്കെടുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. ക്രമക്കേട് അല്ലെങ്കിൽ അഴിമതി കണ്ടെത്തിയാൽ റിപ്പോർട്ട് വിജിലൻസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.


