തിരുവനന്തപുരം: അമ്പൂരിയിൽ വാഹനാപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരി ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അപകടത്തിലാണ് മൂന്നുവയസ്സുകാരി ഋതുവേദ മരിച്ചത്. തിരുവനന്തപുരം അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിന് സമീപമായിരുന്നു ദാരുണ സംഭവം.
കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു ഋതുവേദ. സംഘം സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയിട്ടിരിക്കെ ഹാൻഡ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വാഹനം മുന്നോട്ടുരുണ്ടു നീങ്ങുകയായിരുന്നു. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണാതീതമായ നീക്കത്തിൽ കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച ഋതുവേദയുടെ പിതാവ് അനുപ്രസാദ് കാട്ടാക്കട കൊറ്റമ്പള്ളി കുറ്റിയാനിക്കാട് സ്വദേശിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.











