പത്തനംതിട്ട: 13 വയസുകാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രക്ഷിതാക്കൾ രംഗത്ത്. കുറ്റം ചെയ്യാത്ത കുട്ടികൾക്കെതിരെ കേസ് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെന്നും ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.
രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെയാണ് കുട്ടികളെ ചോദ്യം ചെയ്തതെന്നും, കുറ്റം സമ്മതിച്ചാൽ വിട്ടയക്കാമെന്ന് പൊലീസ് സമ്മർദം ചെലുത്തിയതായും അവർ ആരോപിച്ചു. ചോദ്യം ചെയ്യലിനിടെ അപമാനകരമായ ഭാഷ ഉപയോഗിച്ചെന്നും, കുട്ടികൾക്ക് ഭക്ഷണം നൽകാൻ പോലും അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഒരു വിദ്യാർത്ഥിയെ കോളറിൽ പിടിച്ച് ഉയർത്തിയെന്ന ഗുരുതര ആരോപണവും രക്ഷിതാക്കൾ ഉന്നയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ 20കാരൻ നേരത്തെ പൊലീസിൽ നിന്ന് മർദനമേറ്റതായി വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ അറിയില്ലെന്ന് ആവർത്തിച്ചിട്ടും മർദനം തുടർന്നെന്നും, ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരം അറിയിച്ചിട്ടും പൊലീസ് പരിഗണിച്ചില്ലെന്നും യുവാവ് ആരോപിച്ചു.
ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സഹപാഠികൾ പീഡിപ്പിച്ചെന്നാരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ചൈൽഡ് ലൈൻ പ്രവർത്തകരെ സമീപിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നാല് വിദ്യാർത്ഥികളെയും രണ്ട് യുവാക്കളെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി.
ഇതിനിടെ വൈദ്യപരിശോധനയ്ക്കിടെ താൻ പീഡനത്തിനിരയായിട്ടില്ലെന്ന് പെൺകുട്ടി ഡോക്ടർമാരോട് വെളിപ്പെടുത്തി. സഹപാഠിയോടുണ്ടായിരുന്ന പ്രണയം നിരസിക്കപ്പെട്ടതിനെ തുടർന്നാണ് പരാതി നൽകിയതെന്നും പെൺകുട്ടി അറിയിച്ചു. മെഡിക്കൽ പരിശോധനയിലും പീഡനമോ മർദനമോ നടന്നിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് മജിസ്ട്രേറ്റിന് മുന്നിലും പെൺകുട്ടി ഇതേ മൊഴി ആവർത്തിച്ചു.
സംഭവത്തിൽ പൊലീസ് നടപടിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും നീതി ഉറപ്പാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.












