കൽപ്പറ്റ: വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് റോഡിലേക്ക് പതിക്കുകയായിരുന്നു. ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം.
കള്ളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തെ തുടർന്ന് എൻഡിആർഎഫ് സംഘത്തോട് സ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുണ്ടെന്നാണ് വിവരം.
അപകടത്തിന്റെ പശ്ചാത്തലത്തിൽ അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




