കൊച്ചി: കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ആശ്വാസം. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ആരംഭിച്ച കോടതിയലക്ഷ്യ നടപടികൾ കേരള ഹൈക്കോടതി അവസാനിപ്പിച്ചു.
ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി കെ. സുധാകരൻ സമർപ്പിച്ച മാപ്പപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. തന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച സുധാകരന്റെ വിശദീകരണം കോടതി അംഗീകരിക്കുകയായിരുന്നു.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ വിധി പ്രസ്താവനയെ കെ. സുധാകരൻ പരസ്യമായി വിമർശിച്ചിരുന്നു. ഇത് കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചത്.
അഭിഭാഷകനായ ജനാർദ്ദന ഷേണായിയാണ് സുധാകരന്റെ പരാമർശങ്ങൾക്കെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതിയിൽ സുധാകരൻ നേരിട്ട് ഹാജരായി മാപ്പ് അപേക്ഷിക്കുകയും ചെയ്തു.
സുധാകരന്റെ ഖേദപ്രകടനം വിശ്വാസത്തിലെടുത്ത കോടതി കോടതിയലക്ഷ്യ നടപടികൾ പൂർണമായും അവസാനിപ്പിക്കാൻ ഉത്തരവിട്ടു.




