തിരുവനന്തപുരം: ഫ്ലിപ്കാർട്ടിന്റെ “GOAT Sale” ഓഫറിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നുവെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പേജുകളും പരസ്യങ്ങളും സൃഷ്ടിച്ചാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. വിലകൂടിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന തരത്തിലുള്ള ഓഫറുകളാണ് പ്രചരിപ്പിക്കുന്നത്.
പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരെ ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ സൈറ്റുകളിലേക്കോ വാട്ട്സ്ആപ്പ് നമ്പറുകളിലേക്കോ എത്തിക്കും. തുടർന്ന് ബുക്കിങ് തുക, അഡ്വാൻസ്, ഡെലിവറി ചാർജ്, ഓഫർ കൺഫർമേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടും. പണം ലഭിച്ച ശേഷം ഉൽപ്പന്നം അയയ്ക്കാതിരിക്കുകയോ കൂടുതൽ തുക ആവശ്യപ്പെടുകയോ ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.
സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ഓഫറുകൾ പരിശോധിക്കാതെ വിശ്വസിക്കരുതെന്ന് കേരളാ പൊലീസ് അറിയിച്ചു. ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി മാത്രം ഓഫറുകളുടെ വിശ്വാസ്യത ഉറപ്പാക്കണം. ഒടിപി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, പിൻ, സിവിവി തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിൽ വിളിക്കുകയോ ദേശീയ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ ചെയ്യണമെന്ന് കേരളാ പൊലീസ് നിർദേശിച്ചു.



