തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാനിലെ നിരവധി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമസേന വ്യാപക ആക്രമണം നടത്തി. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ 80-ലധികം കേന്ദ്രങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
പത്ത് ദിവസം മുമ്പ് നടന്ന ആക്രമണത്തേക്കാൾ നാലോ അഞ്ചോ മടങ്ങ് വലിയ നാശനഷ്ടമാണ് ഇത്തവണ ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ റഡാർ സംവിധാനങ്ങൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, ഉപരിതല-വ്യോമ മിസൈൽ താവളങ്ങൾ, കപ്പൽ വിരുദ്ധ ക്രൂസ് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും ആക്രമണത്തിൽ തകർന്നത്. കൂടാതെ, ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ 60-ലധികം ചെറു യുദ്ധബോട്ടുകളും നശിപ്പിച്ചതായി യുഎസ് അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ സൈനിക നടപടി സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മുന്നറിയിപ്പുകൾ അവഗണിച്ചതിനാലാണ് ആക്രമണത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നും യുഎസ് അധികൃതർ പറഞ്ഞു.
ആക്രമണത്തെ തുടർന്ന് ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്ക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാനിൽ നിന്നുള്ള എണ്ണ വിപണനവുമായി ബന്ധപ്പെട്ട ചില താൽക്കാലിക ഇളവുകളും യുഎസ് പിൻവലിച്ചു.
യുഎസ് നടപടിയെ അധിനിവേശമെന്ന് വിശേഷിപ്പിച്ച ഇറാൻ ശക്തമായ തിരിച്ചടിക്കുള്ള മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ വിദേശ ശക്തികളുടെ ഇടപെടൽ അംഗീകരിക്കില്ലെന്നും, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇറാൻ നേതൃത്വം വ്യക്തമാക്കി.


