കൊച്ചി: അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടൽ പരാതിയിൽ ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഹൈക്കോടതി നിർദേശം. നിലവിലെ തൊഴിൽ ചട്ടങ്ങൾ പാലിച്ച് തൊഴിലാളികളും മാനേജ്‌മെന്റും സർക്കാരും തമ്മിൽ അനുരഞ്ജന ചർച്ച നടത്തണമെന്നാണ് കോടതി വ്യക്തമാക്കിയത്.
ജില്ലാ ലേബർ ഓഫീസറുടെ തൽസ്ഥിതി തുടരണമെന്ന ഉത്തരവ് നിർബന്ധിത ഉത്തരവല്ലെന്നും വിഷയത്തിൽ സർക്കാരിന് ഇടപെടാൻ ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. തൊഴിലാളികൾ, കമ്പനി അധികൃതർ, സർക്കാർ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ചർച്ച നാളെ നടക്കും. കമ്പനി അധികൃതർ ചർച്ചയിൽ പങ്കെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മുൻപ് നടന്ന ചർച്ചകളിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഏകപക്ഷീയമായി പിന്മാറിയിരുന്നു. എന്നാൽ ഇത്തവണ കമ്പനി തന്നെ നൽകിയ ഹർജിയിലാണ് കോടതി നിർദേശം വന്നിരിക്കുന്നത്. അതിനാൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട്, കൊച്ചി ഓഫീസുകളിലായി ഏകദേശം 800 ജീവനക്കാരെയാണ് കോറോ ഹെൽത്ത് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. പുതിയ തൊഴിൽ നിയമപ്രകാരം പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ടുപോകാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് സൂചന. കോടതി നിർദേശം ജീവനക്കാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇതിനിടെ ജീവനക്കാർ ഇന്നും ഓഫീസിലെത്തും. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഹാജർ രേഖപ്പെടുത്തും. കൊച്ചി ഓഫീസിൽ നിലവിൽ സുരക്ഷാ ജീവനക്കാർ മാത്രമാണ് ഉള്ളത്. കമ്പനി മാനേജ്‌മെന്റ് പ്രതിനിധികൾ ഓഫീസിൽ എത്തിയിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിർദേശമാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുൻ മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടെ കോറോ ഹെൽത്ത് ഓഫീസിലെത്തി ജീവനക്കാർക്ക് പിന്തുണ അറിയിച്ചിരുന്നു. തൊഴിൽ ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.



