മുംബൈ: ആശുപത്രിയിൽ കയറി ഡോക്ടർമാരെ ആക്രമിച്ച കേസിൽ ശിവസേന കോർപറേറ്റർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ കല്യാൺ-ഡോംബിവ്‌ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശിവസേന നേതാവ് രമേശ് മഹാരെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഡോക്ടർമാർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധം ശക്തമായിരുന്നു.
ഒരു സ്ത്രീയുടെ പ്രസവവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സിസേറിയനിലൂടെ കുഞ്ഞ് ജനിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് നവജാത ശിശുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെ കുടുംബം രമേശ് മഹാരെയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ആശുപത്രിയിലെത്തിയ മഹാരെയും കൂട്ടാളികളും ഡോക്ടർമാരെ ആക്രമിച്ചെന്നാണ് പരാതി. ഗൈനക്കോളജിസ്റ്റുകളായ ഡോ. ശ്രുതി ഭവിസ്‌കാർ, ഡോ. വൈഭവ് സലൂങ്കെ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഡോ. വൈഭവിന് പരിക്കേറ്റതായും നഴ്‌സുമാരായ നമിത, ദ്രവ്യ എന്നിവരെയും ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു. ഡോക്ടർമാർക്ക് നേരെ വധഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.
സംഭവം വിവാദമായതോടെ രമേശ് മഹാരെ ഖേദപ്രകടനം നടത്തിയെങ്കിലും വനിതാ ഡോക്ടറെ ആക്രമിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ആക്രമണം പോലെ തോന്നുന്നത് ക്യാമറ ആംഗിളിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡോക്ടർമാരുടെ പരാതിയെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം രമേശ് മഹാരെയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, സംഭവത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ശിവസേന എംപി നരേഷ് മാസ്‌കെ അറിയിച്ചു. പാർട്ടി മഹാരെയോട് വിശദീകരണം തേടിയിട്ടുണ്ട്.


