കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ചുണ്ടിന് പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ എരമം സ്വദേശിയായ രണ്ടുവയസുകാരൻ നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അനസ്‌തേഷ്യ നൽകാൻ തീരുമാനിച്ചു. എന്നാൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനായെന്നും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു.
കുട്ടിക്ക് കൂടുതൽ അളവിൽ അനസ്‌തേഷ്യ നൽകിയതാണ് ആരോഗ്യനില മോശമാകാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ പിഴവ് ഉണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം, ചികിത്സാപ്പിഴവ് ഉണ്ടായെന്ന ആരോപണം ബേബി മെമ്മോറിയൽ ആശുപത്രി നിഷേധിച്ചു. അനസ്‌തേഷ്യ നൽകിയ സമയത്ത് കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതായും ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി ആവശ്യമായ എല്ലാ ചികിത്സയും നൽകിയതായും ആശുപത്രി അധികൃതർ അറിയിച്ചു. അനസ്‌തേഷ്യ നൽകുന്നതിന് ചില അപകടസാധ്യതകൾ ഉണ്ടാകാമെന്നും കുട്ടിക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും ആശുപത്രി വിശദീകരിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.



