കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വ ഫയലുകളിൽ നടന്ന വൻ വ്യാജരേഖ തട്ടിപ്പ് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തുകൊണ്ടുവന്നു. വ്യാജ രേഖകളും സാക്ഷ്യപത്രങ്ങളും സമർപ്പിച്ച് 1980ൽ കുവൈത്ത് പൗരത്വം നേടിയ രണ്ട് സഹോദരന്മാരുടെ തട്ടിപ്പാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. അന്തിമ അന്വേഷണ റിപ്പോർട്ടുകളും ഡിഎൻഎ പരിശോധനാ ഫലങ്ങളും പരിശോധിച്ചതോടെയാണ് ഇരുവരും സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
നിയമപരമായി കുവൈത്ത് പൗരത്വം നേടിയ ഒരാൾ, 1980ലെ നൂറാം നമ്പർ നിയമം നിലവിൽ വന്നതിന് പിന്നാലെ മുമ്പ് രജിസ്റ്റർ ചെയ്യപ്പെടാതെ പോയ തന്റെ മക്കളാണെന്ന് അവകാശപ്പെട്ട് രണ്ട് പേരെ കൂടി പൗരത്വ ഫയലിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയതോടെയാണ് തട്ടിപ്പിന് തുടക്കമായത്.
അന്ന് ജനിതക പരിശോധനാ സംവിധാനങ്ങൾ നിലവിലില്ലാതിരുന്നതിനാൽ പ്രായം കണക്കാക്കിയുള്ള രേഖകളും ചില സാക്ഷികളുടെ മൊഴികളും അടിസ്ഥാനമാക്കിയാണ് അധികൃതർ ഇവർക്ക് പൗരത്വം അനുവദിച്ചത്. എന്നാൽ പൗരത്വം ലഭിച്ച സമയത്ത് ഇരുവർക്കും പ്രായപൂർത്തിയായിരുന്നു. ഒരാൾ 1945ലും മറ്റൊരാൾ 1947ലുമാണ് ജനിച്ചതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
പിന്നീട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുവൈത്ത് പൗരന്റെ യഥാർത്ഥ മക്കളല്ലെന്ന് കണ്ടെത്തിയത്. പൗരത്വമില്ലാത്തവരുടെ കാര്യങ്ങൾ പരിശോധിക്കുന്ന സ്റ്റേറ്റ്‌ലെസ് പേഴ്‌സൺസ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
സിറിയൻ വംശജനായ പൗരത്വമില്ലാത്ത ഒരാളുടെ രേഖകൾ പരിശോധിച്ചപ്പോൾ, പൗരത്വം നേടിയ ഈ രണ്ട് പേരും ഇയാളുടെ സഹോദരന്മാരാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് രഹസ്യമായി നടത്തിയ വിശദമായ അന്വേഷണത്തിലാണ് വ്യാജ രേഖകൾ ഉപയോഗിച്ചുള്ള പൗരത്വ തട്ടിപ്പ് സ്ഥിരീകരിച്ചത്.
സംഭവത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.











