ചെന്നൈ: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കരൂർ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് കൈമാറാനാണ് വിജയ് എത്തിയത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് റോഡ് ഷോയിലൂടെയായിരുന്നു കരൂരിലേക്കുള്ള യാത്ര.
കരൂരിലെ ദുരന്തം പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണ് ഉണ്ടായതെന്ന് വിജയ് ആരോപിച്ചു. പെരുമ്പല്ലൂരിൽ എത്തിയപ്പോൾ ജനത്തിരക്ക് സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതിനാൽ സാഹചര്യം മനസിലാക്കി തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കരൂരിൽ തനിക്ക് അത്തരം മുന്നറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും വിജയ് വ്യക്തമാക്കി.
ഹൈവേ മുതൽ പൊലീസ് തങ്ങളെ ആനയിച്ചുകൊണ്ടുവരികയായിരുന്നുവെന്നും, അവിടെ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നും വിജയ് പറഞ്ഞു. പരാമർശം മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരായ വിമർശനമായാണ് വിലയിരുത്തപ്പെടുന്നത്.
കരൂർ ദുരന്തത്തിന് പിന്നാലെ താൻ ഒളിച്ചോടിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും എന്നാൽ സംഭവം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായിരുന്നുവെന്നും വിജയ് പറഞ്ഞു. ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി സ്റ്റാലിൻ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങൾക്ക് വേണ്ടി മാത്രമാണ് താൻ രാഷ്ട്രീയത്തിൽ എത്തിയതെന്നും രാഷ്ട്രീയ നാടകം കളിച്ചവർക്ക് ജനങ്ങൾ മറുപടി നൽകിയെന്നും വിജയ് പറഞ്ഞു. സ്റ്റാലിൻ സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
2025 സെപ്റ്റംബർ 27നാണ് കരൂരിൽ വിജയ്‌യുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തം ഉണ്ടായത്. നിരവധി പേർ കുഴഞ്ഞുവീണതിനെ തുടർന്ന് സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.



