ഷാർജ: റോഡ് യാത്രികരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ മാരകമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ രണ്ട് ഡ്രൈവർമാരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും വാഹനങ്ങൾ കണ്ടുകെട്ടിയ പൊലീസ്, തുടർ നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അശ്രദ്ധയോടെയും മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന രീതിയിലുമാണ് ഇരുവരും വാഹനമോടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ രണ്ടാമത്തെ ഡ്രൈവർക്ക് നേരത്തെ തന്നെ ഡ്രൈവിംഗ് വിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്നും സമാന ട്രാഫിക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പൊലീസ് സർക്കുലർ നിലവിലുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. നിരവധി തവണ ട്രാഫിക് നിയമലംഘനം നടത്തിയ ചരിത്രവും ഇയാൾക്കുണ്ടെന്ന് അധികൃതർ അറിയിച്ചു.
റോഡ് സുരക്ഷയെ അപകടത്തിലാക്കുന്ന യാതൊരു നിയമലംഘനവും വെച്ചുപൊറുപ്പിക്കില്ലെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. അപകടകരമായ ഡ്രൈവിംഗ് നടത്തുകയോ അത്തരം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.


