ഡൽഹി: സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം വിളിക്കുകയും ജസ്റ്റിസിന് നേരെ പേപ്പറുകൾ വലിച്ചെറിയുകയുമായിരുന്നു. ലഖ്‌നൗ എസിപിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നായിരുന്നു അഭിഭാഷകന്‍റെ ആവശ്യം.
അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ.വി വിശ്വനാഥൻ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു ഈ സംഭവം . “മിസ്റ്റർ ജുഡീഷ്യൽ സെർവന്‍റ് … ലഖ്‌നൗ എസിപിക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു,” എന്ന് ഹരജിക്കാരൻ പറഞ്ഞതായി ‘ബാർ ആൻഡ് ബെഞ്ച്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘നിങ്ങൾ എന്നോട് ഉത്തരവിടുകയാണോ?’ എന്ന് ജഡ്ജി തിരിച്ച് ചോദ്യം ചെയ്തു. എല്ലാം ഇതിനകം തന്നെ റെക്കോർഡിൽ (രേഖകളിൽ) ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ മറുപടി. തൊട്ടുപിന്നാലെ, അയാൾ കോടതിമുറിയിൽ പേപ്പറുകൾ വായുവിലേക്ക് വലിച്ചെറിയുകയും ജസ്റ്റിസിനെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും ഇയാളെ കോടതിമുറിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.











