ആലപ്പുഴ: അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ മുൻമന്ത്രി ജി. സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം. സ്കൂൾ പരിസരത്ത് നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നതായി ഉയർന്ന ആരോപണം പരിശോധിക്കാനെത്തിയപ്പോഴാണ് തർക്കമുണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുകൂട്ടരെയും പിരിച്ചുവിട്ടു.
സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച ശേഷം അവിടെ നിന്ന് അനധികൃതമായി മണ്ണ് നീക്കം ചെയ്തുവെന്നാണ് ജി. സുധാകരൻ ആരോപിച്ചത്. കോൺഗ്രസ് പ്രവർത്തകരോടൊപ്പമാണ് അദ്ദേഹം സ്കൂളിലെത്തിയത്. ഇതിനിടെ സ്കൂൾ പി.ടി.എ പ്രസിഡന്റ് പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ഉൾപ്പെടെയുള്ള സിപിഐഎം പ്രവർത്തകരും സ്ഥലത്തെത്തി. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റം രൂക്ഷമായി.
ജി. സുധാകരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം പ്രവർത്തകർ പ്രതികരിച്ചു. മണ്ണ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുണ്ടെന്നും അവർ വ്യക്തമാക്കി. അതേസമയം, ജി. സുധാകരനൊപ്പം എത്തിയ കോൺഗ്രസ് പ്രവർത്തകർ സിപിഐഎം നേതാക്കളെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. സംഭവത്തിൽ പരിക്കേറ്റ പി.ടി.എ പ്രസിഡന്റ് പ്രശാന്ത് കുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല താൻ സ്ഥലത്തെത്തിയതെന്നും, മണ്ണ് നീക്കം ചെയ്തതിനെ തുടർന്നാണ് സ്കൂളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതെന്നും ജി. സുധാകരൻ പറഞ്ഞു. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അദ്ദേഹം വിഷയം ഉയർത്തുന്നതെന്നും ഓൺലൈൻ മാധ്യമങ്ങളെ കൂട്ടിക്കൊണ്ടുവന്ന് ശ്രദ്ധ നേടാനാണ് ശ്രമിച്ചതെന്നും സിപിഐഎം ആരോപിച്ചു. ജി. സുധാകരൻ അനുമതിയില്ലാതെ സ്കൂൾ പരിസരത്ത് പ്രവേശിച്ചതായും പി.ടി.എ ആരോപിച്ചു.
സംഭവത്തെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. മുൻ എം.എൽ.എ എച്ച്. സലാം ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടു.


