ന്യൂഡൽഹി: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക് ബൗണ്‍സ് കേസുകളിലെ ശിക്ഷ ഡല്‍ഹി ഹൈക്കോടതിയാണ് ശരിവെച്ചത്. ഏഴ് കേസുകളിലായാണ് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ഓരോ കേസിലും പരാതിക്കാരന് 1.05 കോടി രൂപ വീതം നൽകണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് സ്വർണ കാന്ത ശർമ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഏഴ് ചെക്ക് ബൗൺസ് കേസുകളിലാണ് നടപടി.
പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്സ് ആക്ട് പ്രകാരമുള്ള ഇളവ് അനുവദിക്കണമെന്ന രാജ്പാൽ യാദവിന്റെ ആവശ്യം കോടതി തള്ളി. വിചാരണ നടപടികളിലുടനീളം രാജ്പാൽ യാദവിന്റെ പെരുമാറ്റം പരിഗണിക്കുമ്പോൾ ഇളവിന് അർഹനല്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസുമായി ബന്ധപ്പെട്ട തുക നൽകാമെന്ന് രാജ്പാൽ യാദവ് പലതവണ ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന വിധി കോടതി നിലനിർത്തിയത്.
2010ൽ രാജ്പാൽ യാദവ് നിർമിച്ച ‘അട്ടാ പട്ടാ ലാപ്പട്ടാ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കേസിന് പിന്നിൽ. സിനിമ നിർമാണത്തിനായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് അഞ്ച് കോടി രൂപ വായ്പയെടുത്തിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങി.
തുടർന്ന് രാജ്പാൽ യാദവും ഭാര്യ രാധാ യാദവും നൽകിയ ചെക്കുകൾ ബാങ്കിൽ സമർപ്പിച്ചപ്പോൾ മതിയായ തുക ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഭാര്യ രാധാ യാദവിനും ഓരോ കേസിലും പിഴ അടയ്ക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
ഹിന്ദി സിനിമയിലെ പ്രമുഖ നടനും ഹാസ്യതാരവുമായ രാജ്പാൽ യാദവ് ‘ഹംഗാമ’, ‘ചുപ് ചുപ് കെ’, ‘ഭൂൽ ഭുലയ്യ’, ‘ഫിർ ഹേരാ ഫേരി’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധേയനായത്.











