നിങ്ങളുടെ വരുമാനം കുറവായതിനാൽ നികുതി നൽകേണ്ടതില്ലാത്തതിനാൽ ഐടി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ? ശമ്പള വരുമാനക്കാർക്കിടയിൽ വ്യാപകമായുള്ള സംശയമാണിത്. സ്റ്റാൻഡേഡ് ഡിഡക്ഷനും റിബേറ്റും ഉൾപ്പടെ 12.75 ലക്ഷംവരെ വരുമാനമുള്ള ശമ്പള വരുമാനക്കാർക്ക് നികുതി ബാധ്യതയില്ലെങ്കിലും റിട്ടേൺ നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. മൂലധന നേട്ടം, ഡിജിറ്റൽ ആസ്തി(VDA), ലോട്ടറി തുടങ്ങിയ പ്രത്യേക വരുമാനങ്ങൾക്ക് നിശ്ചിത നിരക്കിൽ നികുതി നൽകുകയും വേണം. നികുതി വിധേയ വരുമാനം പരിധിയിൽ കുറവാണെങ്കിലും വിദേശ യാത്ര നടത്തിയവരും വൻതുക വൈദ്യുതി ബില്ല് നൽകിയവരും ഐടിആർ ഫയൽ ചെയ്യണമെന്നാണ്.
അവസാന തീയതി അടുത്തെത്താറായിട്ടും ഇത്തവണ ആദായ നികുതി റിട്ടേൺ നൽകിയവർ കുറവാണ്. ശമ്പള വരുമാനക്കാർ ഉൾപ്പെടെയുള്ള ഭൂരിഭാഗം പേർക്കും റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലായ് 31 ആണ്. ഫോമുകൾ നേരത്തെതന്നെ ലഭ്യമാക്കിയതിനാൽ കാലാവധി നീട്ടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും പിഴയില്ലാതെ റിട്ടേൺ നൽകാനും നേരത്തെ തന്നെ ഫയൽ ചെയ്യുന്നതാകും ഉചിതം.
കഴിഞ്ഞ വർഷം അവസാന തീയതിക്ക് ഒരു മാസം മുമ്പ് 42 ശതമാനം പൂർത്തിയായിരുന്നുവെങ്കിൽ ഈ വർഷം 13% മാത്രമാണ്. ഇങ്ങനെ വൈകുന്നതിനുള്ള ചില കാരണങ്ങൾ ഇവയാകാം. കഴിഞ്ഞ വർഷം ഐടിആർ സമർപ്പിക്കാനുള്ള കാലാവധി സെപ്റ്റംബർവരെ നീട്ടിയിരുന്നു. സമാനമായ രീതിയിൽ ഇത്തവണയും സമയം ലഭിക്കുമെന്നാണ് പല നികുതിദായകരും വിശ്വസിക്കുന്നത്. പക്ഷേ അങ്ങനെ വിശ്വസിച്ചിരിക്കുന്നവർക്ക് ഇത്തവണ മുട്ടൻ പണി കിട്ടാനാണ് സാധ്യത കൂടുതൽ.
എന്തുകൊണ്ട് നീട്ടാൻ സാധ്യതയില്ല എന്ന് നോക്കാം
ഐടിആർ 1, ഐടിആർ 2 ഫോമുകൾ മുൻകൂട്ടി തന്നെ ആദായ നികുതി വകുപ്പ് പുറത്തിറക്കിയിരുന്നു. നേരത്തെ ഫയലിങ് നടത്താൻ ഇത് സഹായകമായി.
വ്യത്യസ്ത തീയതികളും കാര്യങ്ങൾ കുറച്ച് സങ്കീർണമാക്കുന്നുണ്ട്. ബിസിനസ് വരുമാനമുള്ളവർക്കായുള്ള ITR 3, ITR 4 എന്നിവയ്ക്ക് ഓഗസ്റ്റ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഫോമുകൾ പുതുക്കേണ്ടി വന്നതിനാലാണ് ഇവർക്ക് കൂടുതൽ സമയം നൽകിയത്. ഫോമുകൾ വൈകിയതുൾപ്പെടെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ടുള്ളതാണ് നിലവിലെ സമയക്രമം. അതിനാൽ ഇനിയൊരു നീട്ടൽ അനാവശ്യമാണെന്ന് നികുതി വകുപ്പ് കരുതുന്നു.
ഇനി എല്ലാ കാര്യങ്ങളും അവസാന നിമിഷം ചെയ്ത് ശീലമുള്ളവരോട്, നിങ്ങൾക്ക് കിട്ടാൻ സാധ്യതയുള്ള പണികൾ ഇവയെല്ലാമാണ്. നികുതിദായകരിൽ ഭൂരിഭാഗം പേരും അവസാന നിമിഷം ഫയൽ ചെയ്യാൻ ശ്രമിക്കുന്നത് ഓൺലൈൻ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം. ധൃതിപ്പെട്ട് ഫയൽ ചെയ്യുമ്പോൾ അർഹമായ പല ആനുകൂല്യങ്ങളും അവകാശപ്പെടാൻ വിട്ടുപോയേക്കാം. കൃത്യമായ കണക്കുകൂട്ടലുകൾ ഇല്ലാത്ത പക്ഷം ലഭിക്കേണ്ട റീഫണ്ട് തുക കുറയാൻ സാധ്യതയുണ്ട്. പോർട്ടലിലെ സാങ്കേതികത്തടസ്സം കാരണം യഥാസമയം റിട്ടേൺ സമർപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല.
ഇനി എന്തെങ്കിലും കാരണത്താൽ ഈ സമയത്തിനുള്ളിൽ ഫയൽ ചെയ്യാനാകാതെ വന്നാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. ജൂലൈ 31-നകം റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഡിസംബർ 31 വരെ ‘വൈകിയുള്ള റിട്ടേൺ’ സമർപ്പിക്കാൻ സാധിക്കുമെങ്കിലും പിഴ നൽകേണ്ടി വരും. 5,000 രൂപ വരെ ലേറ്റ് ഫീ ഈടാക്കിയെന്ന് വരാം. നികുതി വിധേയമായ വരുമാനം അഞ്ചുലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1,000 രൂപയാകും പിഴ.
റീഫണ്ട് ലഭിക്കുന്നതിന് ഇ-വെരിഫിക്കേഷൻ നിർബന്ധമാണ്. ഇത് കൃത്യസമയത്ത് ചെയ്തില്ലെങ്കിൽ വലിയ തുക റീഫണ്ട് ലഭിക്കാനുള്ള അർഹതയും ഇല്ലാതായേക്കാം.
വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിലും ചില സാഹചര്യങ്ങളിൽ ഐടിആർ ഫയൽ ചെയ്യേണ്ടത് നിർബന്ധമാണെന്ന് ഇൻകം ടാക്‌സ് ആക്ട് സെക്ഷൻ 139(1)(b) വ്യക്തമാക്കുന്നു.
മുൻ വർഷം വൈദ്യുതി ബില്ലായി ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചവർ, വിദേശയാത്രകൾക്കായി രണ്ടു ലക്ഷം രൂപയിൽ കൂടുതൽ മുടക്കിയവർ, നിശ്ചിത പരിധിയിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ നടത്തിയവർ എന്നിവർ ഐടിആർ ഫയൽ ചെയ്യണം.
പഴയതുപോലെ റിട്ടേൺ പരിശോധിക്കുന്നത് മനുഷ്യരല്ല, എ.ഐ സാങ്കേതികവിദ്യയും ഡാറ്റാ അനലിറ്റിക്സുമാണെന്ന് വീണ്ടും ഓർമിപ്പിക്കുന്നു. സമർപ്പിക്കുന്ന ഓരോ വിവരവും വിവിധ സ്രോതസ്സുകളിൽ നിന്ന് നേരത്തെ തന്നെ ശേഖരിച്ച വിവരങ്ങളുമായി സിസ്റ്റം സ്വയം ഒത്തുനോക്കുന്നു. തെറ്റായ വകുപ്പുകൾക്ക് കീഴിൽ ഇളവുകൾ അവകാശപ്പെടുകയോ മതിയായ രേഖകളില്ലാത്ത ഇളവുകൾ കാണിക്കുകയോ ചെയ്യുന്നത് എഐ കണ്ടുപിടിക്കും. ഇത്തരം പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി നോട്ടീസ് ലഭിച്ചേക്കാം. കനത്ത പിഴ ഒടുക്കേണ്ടിയും വന്നേക്കാം. ഡിജിറ്റൽ യുഗത്തിൽ സുതാര്യത പാലിക്കുക എന്നത് മാത്രമാണ് സുരക്ഷിതമായ മാർഗം.











