തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുംതിരെ രൂക്ഷ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ്. ലോയേഴ്സ് കോൺഗ്രസ് തിരൂർ താലൂക്ക് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചകളാണ് പുറത്തുവന്നിരിക്കുന്നത്.
ചർച്ചകളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന പല നിലപാടുകളും പാർട്ടി വിരുദ്ധമാണെന്ന വിമർശനവും യുഡിഎഫിന്റെ പ്രവർത്തനരീതിയെ പരിഹസിക്കുന്ന പരാമർശങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കെപിസിസി നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്.
ഗവൺമെന്റ് പ്ലീഡർ നിയമനങ്ങളിൽ എസ്.എഫ്.ഐ പ്രവർത്തകരെയും സംഘപരിവാർ അനുകൂല അഭിഭാഷകരെയും ഉൾപ്പെടുത്തുകയാണെന്നാണ് കോൺഗ്രസ് അഭിഭാഷക സംഘടനയുടെ ആരോപണം. വർഷങ്ങളായി കോൺഗ്രസിനും ലോയേഴ്സ് കോൺഗ്രസിനും വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകരെ അവഗണിച്ചാണ് നിയമനങ്ങൾ നടത്തിയതെന്നും സംഘടന ആരോപിക്കുന്നു.
വിഷയത്തിൽ കോൺഗ്രസ് എം.എൽ.എ അബിൻ വർക്കി ഉൾപ്പെടെ നിരവധി നേതാക്കൾ സർക്കാരിന് പരാതി നൽകിയിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നിയമനങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
സർക്കാർ നിയമനങ്ങളിൽ പുനഃപരിശോധനയ്ക്ക് തയ്യാറാകില്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷക സംഘടന പരസ്യ വിമർശനവുമായി രംഗത്തെത്തിയതെന്നാണ് സൂചന.




