കോഴിക്കോട്: നഗരത്തിലെ ലഹരി സംഘത്തിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന പൂച്ച അർഷാദ് എന്ന പി.വി. അർഷാദിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ലഹരി കേസുകളിലധികം പ്രതിയാണ് അർഷാദ്.
കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ മാവൂർ സ്വദേശി സലാമിന് എംഡിഎംഎ എത്തിച്ചുനൽകിയത് അർഷാദാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
അഞ്ച് വർഷം മുമ്പ് മാവൂരിലെ ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അർഷാദിനെയും സംഘത്തെയും പൊലീസ് പിടികൂടിയിരുന്നു. അന്ന് സംഘത്തിൽ നിന്ന് 500 ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. അർഷാദിന്റെ പേരിലായിരുന്നു ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നത്.
അന്ന് ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. വാഗമൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നതിലും അർഷാദിന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.












