മുംബൈ: ടെലിവിഷൻ നടൻ രോഹിത് ചന്ദേൽ പോക്സോ കേസിൽ അറസ്റ്റിൽ. 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുംബൈ ഘട്കോപർ പൊലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്.
‘കാശിഭായ് ബാജിറാവു ബല്ലാൽ’, ‘പാണ്ഡ്യ സ്റ്റോർ’ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയനായ രോഹിത് ചന്ദേലിനെ ദഹിസറിലെ വസതിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയെ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. എതിർപ്പ് അറിയിച്ചിട്ടും ശല്യം തുടരുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ജൂലൈ അഞ്ചിന് പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയ പ്രതി കുട്ടിയെ തടഞ്ഞുനിർത്തി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആരോപണം ഉയർന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി.
2014-ലാണ് രോഹിത് ചന്ദേൽ അഭിനയരംഗത്ത് എത്തിയത്. ‘പാണ്ഡ്യ സ്റ്റോർ’, ‘യേ റിഷ്താ ക്യാ കെഹ്ലതാ ഹേ’, ‘സസുരാൽ സിമർ കാ 2’, ‘തേരാ യാർ ഹൂം മേ’, ‘മോൽക്കി’ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.




