ഹൈദരാബാദ്: തെലങ്കാനയിൽ ആറുവയസുകാരിയായ കൊച്ചുമകളെക്കൊണ്ട് തിരക്കേറിയ റോഡിലൂടെ കാർ ഓടിപ്പിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടർക്കെതിരെ കേസ്. രംഗ റെഡ്ഡി ജില്ലയിലെ നർസിംഗി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
തിരക്കേറിയ റോഡിലൂടെ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ കൊച്ചുകുട്ടിയെ കണ്ട നാട്ടുകാർ വാഹനം തടഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചത് എന്തിനാണെന്ന ചോദ്യത്തിന്, ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ എന്ന ഗിന്നസ് റെക്കോർഡ് കൊച്ചുമകൾ സ്വന്തമാക്കാനുള്ള പരിശീലനമാണിതെന്നായിരുന്നു സബ് ഇൻസ്പെക്ടർ പൂജാരി തിരുപ്പതിയുടെ വിശദീകരണം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ വിമർശനമാണ് ഉയർന്നത്. “ഇത് എന്റെ തീരുമാനമാണ്, എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്” എന്ന് നാട്ടുകാരോട് ഉദ്യോഗസ്ഥൻ പറയുന്ന ദൃശ്യങ്ങളും വൈറലായി.
തുടർന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനും പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയതിനുമുള്ള കുറ്റങ്ങൾ ചുമത്തി നർസിംഗി പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, ഓട്ടോമാറ്റിക് കാറായതിനാൽ വാഹനത്തിന്റെ നിയന്ത്രണം തന്റെ കൈവശം തന്നെയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് സബ് ഇൻസ്പെക്ടർ വിശദീകരിച്ചത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാനും വകുപ്പുതല അന്വേഷണം നടത്താനും തെലങ്കാന പൊലീസ് ഡയറക്ടർ ജനറൽ സി.വി. ആനന്ദ്, സൈബറാബാദ് പൊലീസ് കമ്മിഷണർ എം. രമേശിന് നിർദേശം നൽകി.











