പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിനെ മർദിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളെ പിടികൂടാതെ അടൂർ പൊലീസ്. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ കസ്റ്റഡിയിലെടുത്ത രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് മർദിക്കാൻ ശ്രമിച്ചെന്നാണ് പരാതി. മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവുമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞ് രാജൻ ജോസഫിനെ വാഹനത്തിൽ നിന്ന് പിടിച്ചിറക്കാൻ ശ്രമിച്ചതായും ഇതിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഞായറാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ അടൂർ പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തിരുന്നു.
ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളത്ത് നിന്ന് അടൂർ പൊലീസ് രാജൻ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരായാണ് രാജൻ ജോസഫ് വീഡിയോ പങ്കുവച്ചതെന്നാണ് വിവരം.
കസ്റ്റഡിയിലെടുത്ത രാജൻ ജോസഫിന് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. മർദനശ്രമക്കേസിലെ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




