തിരുവനന്തപുരം: സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പുനർനിയമനം മൂലം നിലവിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ സാദ്ധ്യതയും പുതിയ തലമുറയുടെ ജോലി സാദ്ധ്യതയും ഇല്ലാതാവുകയാണ്. സർക്കാർ ശമ്പളവും പെൻഷനും ഒരേ സമയം പറ്റുകയും സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ നിർബന്ധമായും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏതു സർക്കാർ വന്നാലും സർക്കാർ സ്ഥാപനങ്ങളുടെ അധികാര കേന്ദ്രങ്ങളിൽ തുടരുകയും സ്റ്റേറ്റ് കാറിൽ നിന്നും ഒരിക്കലും ഇറങ്ങാതിരിക്കുകയും ചെയ്യുന്നവർ നിരവധിയാണ്. അനുഭവ സമ്പത്തുള്ള കളങ്കരഹിതരെന്ന് തെളിയിച്ചിട്ടുള്ള മുൻ ഉദ്യോഗസ്ഥരെ വകുപ്പുതല ഉപദേശകരായോ പഠനസമിതി അംഗങ്ങളായോ നിയമിക്കുന്നതിൽ അപാകതയില്ല. അത് സർക്കാരിൻ്റെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു.




