തിരുവനന്തപുരം: ഓണക്കാലത്തെ അധിക സർവീസുകളിലൂടെ KSRTCKDKD വരുമാനത്തിൽ വൻകുതിപ്പ്. ഓണത്തോടനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചതും യാത്രക്കാരുടെ വർധിച്ച പങ്കാളിത്തവുമാണ് വരുമാനവർധനവിന് സഹായകമായത്. ചതയം ദിനമായ വെള്ളിയാഴ്‌ച മാത്രം എട്ട് കോടിയിലധികം രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കിയതിലൂടെ യാത്രക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം വരുമാനത്തിലും ഗണ്യമായ നേട്ടം കൈവരിക്കാൻ കോർപറേഷന് സാധിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വർധനവാണ് രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തിൽ ആകെ 21,45,267 പേരാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്‌തത്. ഇതിൽ 9,34,056 പേർ പ്രിയദർശിനി ഫ്രീ ടിക്കറ്റ് ആനുകൂല്യം ഉപയോഗപ്പെടുത്തി. അന്ന് ആകെ 7,88,69,469 രൂപയുടെ കളക്ഷൻ ലഭിച്ചപ്പോൾ അതിൽ 2,04,31,007 രൂപയുടെ പ്രിയദർശിനി ഫ്രീ ടിക്കറ്റുകളും ഉൾപ്പെടുന്നു. മറ്റ് യാത്രക്കാരുടെ എണ്ണം 12,11,211 ആയിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 19,31,706 യാത്രക്കാരും 7,57,98,253 രൂപ വരുമാനവുമാണ് ലഭിച്ചിരുന്നത്. തിരുവോണ ദിനത്തിൽ 2,597 ബസുകൾ സർവീസ് നടത്തി 12,95,172 യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. 4,77,14,150 രൂപ വരുമാനം ലഭിച്ചു. മുൻവർഷം ഇത് 9,52,396 യാത്രക്കാരും 4,74,34,359 രൂപയുമായിരുന്നു.


