തൃശൂർ: തൃശൂർ കാറളത്ത് 79കാരിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. അയൽവാസിയായ റാഫിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാറളം സ്വദേശിനി സാവിത്രിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സാവിത്രിയുടെ വാടകവീട്ടിൽ താമസിച്ചിരുന്നയാളാണ് പ്രതിയായ റാഫി. പ്രവാസി മലയാളിയായ റാഫി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സാവിത്രി ധരിച്ചിരുന്ന സാരിയുടെ തലപ്പുകൊണ്ട് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അഞ്ച് വളകളും അഞ്ച് പവന്റെ മാലയും സ്വർണമോതിരവും ഉൾപ്പെടെ 16 പവൻ സ്വർണാഭരണങ്ങളാണ് പ്രതി കവർന്നത്. തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
കാറളം മൃഗാശുപത്രിക്ക് സമീപമുള്ള വീട്ടിൽ സാവിത്രി തനിച്ചുണ്ടായിരുന്നപ്പോഴായിരുന്നു കൊലപാതകം. സാവിത്രിയുടെ ഭർത്താവ് വിജയനും മകനും മരുമകളും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. സ്കൂൾ വിട്ടെത്തിയ ചെറുമകളാണ് സാവിത്രിയെ മരിച്ചനിലയിൽ ആദ്യം കണ്ടത്. സാവിത്രിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകളുണ്ടായിരുന്നു. വീട്ടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലുമായിരുന്നു. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.



