പയ്യന്നൂർ: വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിൽ പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്ന് രാഗേഷ് പറഞ്ഞു. ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനമാണ് കേന്ദ്ര കമ്മിറ്റി ശരിവച്ചത്. പയ്യന്നൂരിൽ യുഡിഎഫ് ബിജെപിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കിയതുകൊണ്ടാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്നും ചിലയിടങ്ങളിൽ പാർട്ടി സ്ഥാനാർഥി നിർണയം പാളിയെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഉമേഷ് ബാബുവിന്റെ വീട്ടിലിരുന്നാണ് കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ പുസ്തകമെഴുതിയതെന്ന് രാഗേഷ് ആരോപിച്ചു. എതിരാളികൾക്കായി നാല് വർഷത്തോളം ‘പടക്കോപ്പുകൾ’ ഒരുക്കിയശേഷം പാർട്ടിയെ ഒറ്റുകൊടുത്ത മിർജാഫറാണ് കുഞ്ഞികൃഷ്ണനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയുടെ ആഭ്യന്തര വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും രാഗേഷ് ആരോപിച്ചു. കുഞ്ഞികൃഷ്ണൻ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്ക് കോടതിയിൽ മറുപടി പറയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ധനരാജിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം പൂർണമായും അസത്യമാണെന്ന് രാഗേഷ് പറഞ്ഞു. ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വെട്ടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫണ്ടിന്റെ കണക്ക് യഥാസമയം അവതരിപ്പിക്കുന്നതിൽ ചില സാങ്കേതിക വീഴ്ചകൾ മാത്രമാണ് ഉണ്ടായതെന്നും രാഗേഷ് വിശദീകരിച്ചു.
ധനരാജിന്റെ പേര് ഉച്ചരിക്കാൻ പോലും കുഞ്ഞികൃഷ്ണന് അർഹതയില്ലെന്നും ഇനി ആ പേര് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ധനരാജ് രക്തസാക്ഷി ദിനത്തിൽ തന്നെയാണ് എംഎൽഎ ഓഫീസ് ഉദ്ഘാടനം നടത്തിയതെന്നും രാഗേഷ് ആരോപിച്ചു.
ടി.ഐ. മധുസൂദനനെതിരെ വ്യാപക പ്രചാരണം നടന്നപ്പോൾ സ്ഥാനാർഥിയെ മാറ്റുന്നതിനെക്കുറിച്ച് പാർട്ടി ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്ഥാനാർഥിയെ മാറ്റിയാൽ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് അംഗീകാരം നൽകുന്നതുപോലെയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ആ നീക്കത്തിൽ നിന്ന് പിന്മാറിയതെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.


