കറാച്ചി: പാകിസ്ഥാനിലെ പേഷ്വാറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് 29 വിദ്യാർഥികളും ഒരു അധ്യാപികയും മരിച്ചു. അപകടത്തിൽ 40-ലേറെ പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥികളിൽ ഭൂരിഭാഗവും 13 വയസ്സിൽ താഴെയുള്ളവരാണ്.
പേഷ്വാറിലെ ദിർ കോളനിയിലുള്ള സ്വകാര്യ സ്കൂളിന്റെ മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേൽക്കൂരയാണ് തകർന്നുവീണത്. അപകടസമയത്ത് തകർന്ന ഭാഗത്തെ ക്ലാസ് മുറിയിൽ 30 വിദ്യാർഥികളുണ്ടായിരുന്നു. വിദ്യാഭ്യാസ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ ആകെ 110 വിദ്യാർഥികളാണ് പഠിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടുങ്ങിയ തെരുവിനോട് ചേർന്നായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം. ഇത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായതായി റിപ്പോർട്ടുകളുണ്ട്. കെട്ടിട നിർമാണത്തിന് നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രാദേശിക വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.




