ഭോപ്പാൽ: മഹാകുംഭമേളയിലൂടെ ശ്രദ്ധ നേടിയ മൊണാലിസ ഭോസ്‌ലെക്കും ഭർത്താവ് ഫർമാൻ ഖാനും ഇടക്കാല ആശ്വാസം നൽകി മധ്യപ്രദേശ് ഹൈക്കോടതി. ദമ്പതികൾക്കെതിരായ പൊലീസ് നടപടികൾ രണ്ടാഴ്ചത്തേക്ക് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.
പ്രായപൂർത്തിയാകാതെ വിവാഹം കഴിച്ചെന്ന പരാതിയിൽ മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയാണ് മൊണാലിസയും ഫർമാൻ ഖാനും ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഗജേന്ദ്ര സിങ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങളിൽ കൃത്രിമം നടന്നെന്ന ആരോപണത്തിലും വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിലുമാണ് പൊലീസ് അന്വേഷണം നടക്കുന്നത്. മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റിന്റെ യഥാർഥ രേഖ പുനഃസ്ഥാപിക്കണമെന്നും രേഖകളിൽ നടന്നതായി ആരോപിക്കുന്ന ക്രമക്കേടിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും ദമ്പതികൾ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മൊണാലിസയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. മകളെ തട്ടിക്കൊണ്ടുപോയെന്നും പ്രായപൂർത്തിയാകാത്ത സമയത്താണ് വിവാഹം നടന്നതെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. അതേസമയം, ജനന രേഖകൾ തിരുത്തി വ്യാജ സർട്ടിഫിക്കറ്റ് നേടിയെന്നാണ് പൊലീസിന്റെ വാദം.
ഫർമാൻ ഖാനെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ജനന സർട്ടിഫിക്കറ്റിലെ തീയതിയും ആശുപത്രി രേഖകളിലെ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
മതാന്തര വിവാഹം തടയുന്നതിനായി പിതാവ് ഗൂഢാലോചന നടത്തി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് ദമ്പതികളുടെ ഹർജിയിലെ ആരോപണം. നേരത്തെ കേരള ഹൈക്കോടതിയും ദമ്പതികൾക്ക് ഇടക്കാല സംരക്ഷണം നൽകിയിരുന്നു. തുടർന്ന് മധ്യപ്രദേശിലെ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതിനായി ഫർമാൻ ഖാന് ട്രാൻസിറ്റ് ജാമ്യവും അനുവദിച്ചിരുന്നു.
മഹാകുംഭമേളയിൽ രുദ്രാക്ഷമാലകൾ വിൽക്കുന്ന മൊണാലിസയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അവർ ദേശീയ ശ്രദ്ധ നേടിയത്. പിന്നീട് സിനിമാ രംഗത്തേക്കും എത്തിയ മൊണാലിസ ഫർമാൻ ഖാനുമായി വിവാഹിതയാവുകയായിരുന്നു. വിവാഹത്തിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ നിയമനടപടികൾ ആരംഭിച്ചത്.


