പാലക്കാട്: മണ്ണാർക്കാട് ചേറുകുളത്ത് പിതൃസഹോദരിയെ 42കാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ചേറുകുളം സ്വദേശി ശശി മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാധവിയുടെ കഴുത്തിന് വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാധവിയുടെ മൃതദേഹം നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ശശിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞതായാണ് വിവരം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.











