അറ്റ്ലാന്റ: ലോകകപ്പിന്റെ രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന മുന്‍ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. അറ്റ്ലാന്റയില്‍ ഇന്നു രാത്രി 12.30 നാണ് മത്സരം. ഫോക്ലന്‍ഡ് യുദ്ധവും മറഡോണയുടെ ദൈവത്തിന്റെ കൈ ഗോളും ചരിത്ര പശ്ചാത്തലമൊരുക്കുന്ന, ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാകും ഇന്ന് സാക്ഷ്യം വഹിക്കുക. ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള പോരാട്ടം കൂടിയാണിന്ന് നടക്കുന്നത്.
നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ലക്ഷ്യമിടുന്നത്. ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം കൂടിയാണിത്. 39-ാം വയസ്സിലും തകര്‍പ്പന്‍ പ്രകടനം തുടരുന്ന നായകന് മെസി തന്നെയാണ് അര്‍ജന്റീനയുടെ കുന്തമുന. ലോകകപ്പില്‍ എട്ടു ഗോള്‍ നേടി കിടിലന്‍ ഫോമില്‍ നില്ക്കുന്ന മെസിയിലാണ് അര്‍ജന്റീനന്‍ ആരാധകരുടെ മുഴുവന്‍ പ്രതീക്ഷയും.
കളിക്കളത്തിന് പുറത്ത് റഫറി നിയമനത്തെച്ചൊല്ലിയുള്ള ചർച്ചകൾ കൊഴുക്കുകയാണ്. മത്സരം നിയന്ത്രിക്കാൻ മൊറോക്കൻ വംശജനായ അമേരിക്കൻ റഫറി ഇസ്മായിൽ ഇൽഫാത്തിനെയാണ് ഫിഫ ചുമതലപ്പെടുത്തിയിരിക്കുന്നത്. ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ ഇൽഫാത്തിന്റെ സാന്നിധ്യം അർജന്റീനയ്ക്ക് എന്നും ഭാഗ്യം കൊണ്ടുവന്നിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ഫുട്ബോൾ ലോകം ഈ നിയമനത്തെ ‘മെസ്സിയുടെ സ്വന്തം റഫറി’ എന്ന രീതിയിൽ നോക്കിക്കാണുന്നത്. മെസ്സി കളിച്ചതും ഇൽഫാത്ത് നിയന്ത്രിച്ചതുമായ അഞ്ച് മത്സരങ്ങളിലും മെസ്സിയുടെ ടീം പരാജയമറിഞ്ഞിട്ടില്ല എന്നതാണ് ആ യാദൃശ്ചികതയ്ക്ക് പിന്നിൽ.


