തൃശൂർ: തൃശൂർ മിണാലൂരിലെ സെലക്ട് ദർബാർ ഹോട്ടലിൽ ചെറുനാരങ്ങയിൽ നീരില്ലെന്ന തർക്കത്തെ തുടർന്ന് ഗുണ്ടാസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ ഹോട്ടൽ ഉടമ കരുമത്ര സ്വദേശി സുഹൈബ് (40), സുഹൃത്ത് റഷീദ് (39) എന്നിവർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച വൈകീട്ട് ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചില്ലി ചിക്കനൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീരില്ലെന്ന് ആരോപിച്ച് ജീവനക്കാരുമായി തർക്കിച്ച ശേഷം മടങ്ങി. പിന്നീട് സംഘമായി കാറിലെത്തിയ ഇവർ ഹോട്ടൽ ഉടമയെ ബാറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തിൽ സുഹൈബിന്റെ പല്ലുകൾ അടർന്നുപോയതായും തടയാൻ ശ്രമിച്ച റഷീദിനും മർദനമേറ്റതായും പൊലീസ് അറിയിച്ചു.
പരിക്കേറ്റ ഇരുവരെയും ആദ്യം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ ഹോട്ടൽ ജീവനക്കാർക്കും തിരിച്ചും സംഘത്തിലെ ചിലർക്കും മർദനമേറ്റതായി വിവരമുണ്ട്.
കരിയന്നൂർ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. ആക്രമണത്തിനെത്തിയ വാഹനത്തിന്റെ ചിത്രവും സി.സി.ടി.വി. ദൃശ്യങ്ങളും ഹോട്ടൽ ഉടമ പൊലീസിന് കൈമാറി. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.


